വിദ്യാര്‍ത്ഥികളുടെ പ്രതിബദ്ധത സമൂഹത്തോടാവണം :ഗവര്‍ണര്‍

post

കാസര്‍ഗോഡ്  : ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടാകണമെന്ന് കേരള  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരുടെ പ്രയത്‌നത്തിന്റെ പ്രതിഫലമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടി സര്‍വ്വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം സ്വയത്തമാക്കാന്‍ സാധിക്കുന്നത്. പെരിയ കേന്ദ്രസര്‍വ്വകലാശാലയില്‍ നാലാമത് ബിരുദാദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണം അറിവിന്റെ കൂടി ജനാധിപത്യവത്കരണമാണ്. മാറുന്ന കാലത്തിന്റെ ആവശ്യത്തിന്  ഊന്നല്‍ നല്‍കുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം. ഇതിനാല്‍ സമൂഹത്തിന്റെ ആവശ്യം മനസ്സിലാക്കി സ്വയം നവീകരിക്കുന്നതിന് ഓരോ വിദ്യാര്‍ത്ഥിയും തയ്യാറാകണം.
ഉയര്‍ന്ന സാക്ഷരതാ നിരക്കും സാമൂഹ്യബോധവും വിദ്യാഭ്യാസത്തിനോടുള്ള ജനാധിപത്യ സമീപനവും കൊണ്ടാണ് കേരളം അന്താരാഷ്ട്രതലത്തില്‍ യശസ്സ് ഉയര്‍ത്തി നില്‍ക്കുന്നത്. എല്ലാവര്‍ക്കും പ്രിയപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രമാകാന്‍ കേരളം പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വ്വകലാശാലകളിലെ പാഠ്യപ്രവര്‍ത്തനങ്ങളെ  ആകാംക്ഷയോടെയാണ് കേരള സമൂഹം വീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ ലോകത്താകമാനമുള്ള ഉന്നതവിദ്യാഭ്യാസരംഗത്തെ  സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ഇതൊടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.   
നിലവില്‍ പെരിയ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും ഡിസ്റ്റിങ്ഷനോടെ പാസായ 65 ശതമാനം പേരും വനിതകളാണ്. എന്നാല്‍ തൃശ്ശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ഡിസ്റ്റിങ്ഷനോടെ പാസായ 90 ശതമാനം പേരും കൊച്ചി ഫിഷറീസ് സര്‍വ്വകലാശാലയില്‍ നിന്നും ഡിസ്റ്റിങ്ഷനോടെ പാസായ 100 ശതമാനം പേരും വനിതകളാണ്. വിദ്യാഭ്യാസ രംഗത്തെ  ഗുണപരമായ  ഈ മാറ്റത്തെ സമൂഹം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസ  രംഗത്ത് മികവ് പുലര്‍ത്തുന്നത് ആശാവഹമായ കാര്യമാണ്. കേവലം 11 വര്‍ഷംമാത്രം പ്രായമുള്ള കേരള കേന്ദ്രസര്‍വ്വകലാശാലയ്ക്ക്  ഇനിയും കൂടുതല്‍ ഉയരങ്ങള്‍  കീഴടക്കുന്നതിന് സാധിക്കണം. കേന്ദ്രസര്‍വ്വകലാശാലയ്ക്ക് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും പ്രതീക്ഷയ്ക്ക് ഒത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാഭ്യാസമെന്ന് കേവലം ജീവിതോപാധി കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗം മാത്രമല്ല. ജീവിതോപാധി കണ്ടെത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമാണ്. വിദ്യാഭ്യാസം മനസ്സിനെ അജ്ഞതയില്‍  നിന്നും അന്ധകാരത്തില്‍ നിന്നും മോചിപ്പിപ്പിക്കുന്നു.അതോടെപ്പം ജ്ഞാനത്തിലേക്കുള്ള പാതയിലേക്ക് പഠിതാവിനെ കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു.ഓരോ ദിവസവും മനുഷ്യന്‍ പുതിയ പുതിയ കാര്യങ്ങളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്.എല്ലാ തനിക്ക്  അറിയാമെന്ന മനോഭാവത്തോടെ  ജീവിതത്തെ, വിദ്യാഭ്യാസ സമീപിക്കുന്നവര്‍ക്ക്  പുതുതായി ഒന്നും  പഠിക്കാന്‍ സാധിക്കുകയില്ല. നൂറ്റാണ്ടുകളായി പാരതന്ത്ര്യത്തില്‍ കഴിഞ്ഞിരുന്ന നമ്മള്‍ക്ക് ഇന്ന് സ്വന്തമായി ഭരണഘടനയും  പരമാധികാരവും ഉണ്ട്. നമ്മുടെ  അവകാശങ്ങളെ കുറിച്ച് ബോധാവാന്‍മാര്‍ ആകുന്നതിനോടെപ്പം  കടമകളെ കുറിച്ചും ബോധ്യമുണ്ടായിരിക്കണം.ഓരോരുത്തരും തങ്ങളുടെ കടമ യഥാവിധി നിര്‍വഹിച്ചാല്‍,അവകാശങ്ങള്‍ അവരിലേക്ക് വന്നു ചേരും.പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങിയ പഠനം സമൂഹത്തിനോ, വ്യക്തിക്കോ ഒരിക്കലും ഗുണം ചെയ്യില്ല. പഠിച്ച കാര്യങ്ങള്‍ പ്രായോഗികമായി  ഉപയോഗിക്കുന്നിടത്താണ് ജീവിതത്തിന്റെ വിജയമെന്ന് ഗവര്‍ണര്‍ പറഞ്ഞു.