ദേശീയ ഗെയിംസ്: കേരള വോളി ചാമ്പ്യന്മാര്ക്ക് സ്വീകരണം

ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ചാമ്പ്യന്മാരായ കേരള വോളിബോള്‍ പുരുഷ-വനിത ടീമുകള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്വീകരണം നല്കി. കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസില്‍ എത്തിയ താരങ്ങളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജനപ്രതിനിധികളും സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും പൂമാല ചാര്‍ത്തി സ്വീകരിച്ചു.
36 വര്‍ഷത്തിന് ശേഷമാണ് കേരള പുരുഷ ടീം ദേശീയ ഗെയിംസ് ജേതാക്കളാകുന്നത്. വനിത വിഭാഗം തുടര്‍ച്ചയായ രണ്ടാം തവണയാണ് കിരീടം നേടിയത്. കൊച്ചി ബി പി സി എല്‍ താരം അഖിന് ദാസ് നയിച്ച പുരുഷ വിഭാഗം തമിഴ്നാടിനെയും കെ എസ് ഇ ബി താരം കെ എസ് ജിനി നയിച്ച വനിതകള്‍ ബംഗാളിനെയുമാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇരു ടീമുകളുടെയും ജയം. വനിതകളെ വി അനിലും പുരുഷന്മാരെ എസ് മനോജുമാണ് പരിശീലിപ്പിച്ചത്.