കാറൊഴിഞ്ഞു, വീണ്ടും കൃഷിയിലേക്കിറങ്ങി മലപ്പട്ടം

post

രണ്ടാം വിള നെല്‍കൃഷിയില്‍ നൂറുമേനി കൊയ്യാന്‍ മലപ്പട്ടം ഗ്രാമം . ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, പാടശേഖര സമിതികള്‍, ഹരിത കര്‍മ്മ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ പൂക്കണ്ടം പാടശേഖരത്തില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിത്ത് വിതച്ചു.

30 ഹെക്ടറിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. മഴ കാരണം ഒന്നാംവിള രണ്ട് ഹെക്ടറില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ മുന്നില്‍കണ്ട് പ്രതിരോധ ശേഷിയുമുള്ള ഉമ, ആതിര എന്നീ വിത്തിനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു ഹെക്ടറില്‍ നിന്ന് 4000 കിലോ നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൃഷിക്ക് ആവശ്യമായ വിത്ത് പഞ്ചായത്ത് സൗജന്യമായാണ് നല്‍കുന്നത്. അടുവാപുറം, ചൂളിയാട്, പൂക്കണ്ടം, കൊളന്ത, അടിച്ചേരി എന്നിവിടങ്ങളില്‍ 10 പാടശേഖരങ്ങളുടെയും മലപ്പട്ടം ഈസ്റ്റിലെ ഒന്നര ഏക്കറില്‍ ഹരിത കര്‍മ്മ സേനയുടെയും നേതൃത്വത്തിലാണ് കൃഷി. വിളവെടുക്കുന്ന നെല്ല് കര്‍ഷകര്‍ നേരിട്ട് സപ്ലൈകോക്ക് നല്‍കും.