ഇനി പൂക്കൾ നിറഞ്ഞ് വിരിയും....പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ

post

പൂന്തോട്ടം ഒരുക്കുന്നത് പാലക്കാട് ബ്ലോക്ക് പഞ്ചായത്തും, ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി

പാലക്കാട്- കുളപ്പുള്ളി സംസ്ഥാനപാതയ്ക്ക് സമീപം പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് മുൻവശം ഇനി മുതൽ പൂക്കൾ നിറഞ്ഞ് വിരിയും. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചാണ് പാലക്കാട് ബ്ലോക്ക് പഞ്ചായത്തും, ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് ശുചീകരിച്ച് 1250 ചതുരശ്രയടിയിൽ പൂന്തോട്ടം ഒരുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നന്ത്യാർവട്ടചെടി നട്ടുകൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ അധ്യക്ഷനായി.

ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് പി.ആർ.ഡി ചെറിയൊരു ഭാഗം ഫണ്ട് വിനിയോഗിച്ചുകൊണ്ട് ഈ പ്രവർത്തനം ആലോചിച്ചപ്പോൾ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അത് ഏറ്റെടുത്ത് നടപ്പാക്കാൻ മുന്നോട്ടുവരുകയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്ന പ്രവണത പ്രദേശത്ത് നിലനിന്നിരുന്നെന്നും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മാതൃകാ പ്രവർത്തനമാണ് പൂന്തോട്ട നിർമ്മാണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു.

പൂന്തോട്ടത്തിന്റെ പരിപാലനം ഉറപ്പാക്കുമെന്നും കണ്ണിനു കുളിർമയേകുന്ന രീതിയിൽ വളർത്തിയെടുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ പറഞ്ഞു. ഭാവിയിൽ വയോജനങ്ങൾക്ക് വിശ്രമിക്കാനും വ്യായാമം ചെയ്യുവാനുമുള്ള സൗകര്യം കൂടി പൂന്തോട്ട പരിസരത്ത് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിറഞ്ഞു വിരിയുന്ന പൂക്കൾ കണ്ണിനിമ്പമാണ്...ആനന്ദമാണ്'.. ബോർഡ് സ്ഥാപിക്കും

മുണ്ടൂർ ഐ.ആർ.ടി.സിയാണ് തോട്ടത്തിലെ പ്രവൃത്തികൾ നിർവ്വഹിക്കുക. അലങ്കാരപുല്ലും ചെടികളും വെച്ചു പിടിപ്പിച്ച് ഫെൻസുൾപ്പെടെയുളള പൂന്തോട്ടത്തിന്റെ സജ്ജീകരണങ്ങൾ ഒരാഴ്ച്ചയ്ക്കകം പൂർത്തിയാക്കിയ ശേഷം 'നിറഞ്ഞു വിരിയുന്ന പൂക്കൾ കണ്ണിനിമ്പമാണ്...ആനന്ദമാണ്'.. എന്നെഴുതിയ ബോർഡ് സ്ഥാപിക്കും. നാടൻ ചെമ്പരത്തികളുടെ ചന്തത്തിനൊപ്പം നിറ കാഴ്ച ഒരുക്കാൻ യുജീനിയ, കോളിയസ്, ഹെലിക്കോണിയം, ടോറിനോ, ഗോൾഡൻ സൈപ്രസ്, കുറ്റിറോസ്, ക്ലൈമ്പിങ് റോസ് ചെടികളും ഗന്ധമേകാൻ മുല്ലയും, നന്ത്യാർവട്ടവും, അലങ്കാരത്തിന് മുളയും, ബോഗൻവില്ലയും, ലില്ലിയും, തെച്ചിയും അടങ്ങുന്ന നിരവധി പൂച്ചെടികളാണ് വെച്ചു പിടിപ്പിക്കുക.