ഒക്ടോബര്‍ 19 വരെ കേരളത്തില്‍ വ്യാപക മഴക്ക് സാധ്യത; ജില്ലയില്‍17, 18 തിയതികളില്‍ ഓറഞ്ച് അലര്‍ട്ട്

ഒക്ടോബര്‍15 മുതല്‍ ഒക്ടോബര്‍ 19 വരെ കേരളത്തില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം ജില്ലയില്‍ ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 16 ന് 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ 17, 18 തിയതികളില്‍ ഓറഞ്ച് അലര്‍ട്ടും 16 ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്തിന് അകലെ മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഒക്ടോബര്‍ 18 ഓടെ ആന്‍ഡമാന്‍ കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.