നീലേശ്വരം നഗരസഭയില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍

post

പൊതുജനാരോഗ്യ രംഗത്ത് നീലേശ്വരം നഗരസഭയ്ക്ക് കുതിപ്പേകാന്‍ പുതുതായി മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സ്ഥാപിക്കുന്നു. ചിറപ്പുറം, പടിഞ്ഞാറ്റം കൊഴുവല്‍, ആനച്ചാല്‍ എന്നിവിടങ്ങളിലാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉപയോഗിച്ച് വെല്‍നസ് സെന്ററുകള്‍ തുടങ്ങുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെയാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. 2021-22 വര്‍ഷത്തില്‍ 1.33 കോടി രൂപയും, 2022-23 വര്‍ഷത്തില്‍ 2.54കോടി രൂപയുമാണ് പുതിയ സെന്ററുകള്‍ക്കായി നീലേശ്വരം നഗരസഭയ്ക്ക് അനുവദിച്ചത്.

ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ ആരംഭിക്കുന്നതിനു വേണ്ടി ചിറപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വായനശാല കെട്ടിടവും മറ്റ് രണ്ട് കേന്ദ്രങ്ങളില്‍ വാടക കെട്ടിടങ്ങളുമാണ് നഗരസഭ കണ്ടെത്തിയിട്ടുള്ളത്. ഇതിനാവശ്യമായ പദ്ധതി വിവരങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, അറ്റന്റര്‍ എന്നിങ്ങനെ നാല് ജീവനക്കാരാണ് തുടക്കത്തില്‍ ഉണ്ടാവുക. രണ്ടാംഘട്ടത്തില്‍ ഫാര്‍മസിസ്റ്റിന്റെയും ലാബ്ടെക്നീഷ്യന്റെയും സേവനം കൂടി ലഭ്യമാകും. ഇതോടെ നിലവില്‍ കാര്യങ്കോട് പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ അര്‍ബന്‍ പോളി ക്ലിനിക്ക് ആയി ഉയര്‍ത്തപ്പെടുകയും അവിടെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുകയും ചെയ്യും.