സുസ്ഥിര തൃത്താല: പദ്ധതിരേഖ പ്രകാശനവും വെബ്‌പോർട്ടൽ പരിചയപ്പെടുത്തലും 22ന്

post

തൃത്താല നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന 'സുസ്ഥിര തൃത്താല'- ജനകീയ വികസന പദ്ധതിയുടെ പദ്ധതിരേഖ പ്രകാശനവും വെബ്‌പോർട്ടൽ പരിചയപ്പെടുത്തലും ഒക്‌ടോബർ 22ന് രാവിലെ 10.30ന് തൃത്താല കെ.എം.കെ ഓഡിറ്റോറിയത്തിൽ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. സംസ്ഥാന ഭൂവിനിയോഗ ബോർഡ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നവകേരളം കർമ്മ പദ്ധതിയുമായി സഹകരിച്ചാണ് സുസ്ഥിര തൃത്താല പദ്ധതി രേഖ പ്രകാശനവും വെബ്‌പോർട്ടൽ പരിചയപ്പെടുത്തലും നടത്തുന്നത്.

മണ്ണ്, ജലം, കൃഷി, ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് തൃത്താല മണ്ഡലത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് സുസ്ഥിര തൃത്താല. ഭൂഗർഭ ജലവിധാനം സെമി ക്രിട്ടിക്കൽ അവസ്ഥയിലുള്ള മണ്ഡലത്തിലെ ജലസ്രോതസുകളെ സംരക്ഷിക്കുക, പുനരുജ്ജീവിപ്പിക്കുക, മണ്ഡലത്തിലെ തരിശുരഹിതവും-മാലിന്യമുക്തവുമാക്കി മാറ്റുക, ടൂറിസം വികസനം തുടങ്ങിയ സമഗ്രവികസനമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സർക്കാർ വകുപ്പുകളുടെയും വിവിധ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമ്പത് സബ് ഗ്രൂപ്പുകൾ രൂപീകരിച്ച് ചർച്ചകളും ശിൽപശാലകളും നടത്തിയാണ് പദ്ധതിരേഖ തയ്യാറാക്കിയത്.

സംസ്ഥാന ഭൂവിനിയോഗ ബോർഡ് പ്രാഥമിക വിവരശേഖരണത്തിലൂടെയും ഉപഗ്രഹ ചിത്രങ്ങളുടെ അപഗ്രഥനത്തിലൂടെയുമാണ് നിലവിലുള്ള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച് സമഗ്രമായ വെബ് പോർട്ടൽ തയ്യാറാക്കിയത്. നിയോജകമണ്ഡലത്തെ സംബന്ധിച്ച വിവരങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പോർട്ടലാണ് www.thrithalalac.com.

മണ്ഡലത്തിലെ സ്ഥലപരമായ വിവരങ്ങൾ, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അതിർത്തികൾ, പ്രകൃതി വിഭവങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ആവശ്യ സേവനകേന്ദ്രങ്ങൾ, ഉൾപ്പെടെ മണ്ഡലത്തെ സംബന്ധിക്കുന്ന വിവരങ്ങൾ വിരൽത്തുമ്പിൽ അറിയുന്ന തരത്തിലാണ് വെബ് പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വികസന വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർക്കായി ആശയവിനിമയ ശിൽപശാലയും നടത്തും.