വിദ്യാഭ്യാസകായിക പ്രവര്‍ത്തനങ്ങളില്‍ ജില്ലാപഞ്ചായത്ത് മാതൃക: മന്ത്രി ഇ.പി ജയരാജന്‍

post

തിരുവനന്തപുരം:  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന വിദ്യാഭ്യാസകായിക പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് വ്യവസായ കായിക  മന്ത്രി ഇ.പി ജയരാജന്‍. ജില്ലാ വികസനോത്സവത്തിന്റെ ഭാഗമായി  'അറിവിന്റെ മികവില്‍ മാറുന്ന കേരളം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വികസനരംഗത്ത് നൂതനാശയങ്ങളും ജനകീയ പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞിട്ടുണ്ട്. 1000 കോടി മുടക്കി കേരളത്തിന്റെ കായികരംഗത്തെ സര്‍ക്കാര്‍ മികവുറ്റതാക്കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരവരുടെ സ്‌കൂളുകളില്‍ത്തന്നെ കായിക പരിശീലനം നടത്താനുള്ള സൗകര്യമൊരുക്കും. സ്‌കൂളുകളില്‍ യോഗ പരിശീലനം അനിവാര്യമാണെന്നും ഇതിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസം, കല, കായികം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ബെന്‍ഡാര്‍വിന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.