പുനര്‍ഗേഹം: മത്സ്യത്തൊഴിലാളികളുടെ സമഗ്ര പുനരധിവാസ പദ്ധതിക്ക് തുടക്കമാകുന്നു
 
                                                തിരുവനന്തപുരം: ലൈഫ് മിഷനില്‍ രണ്ട് ലക്ഷത്തിലധികം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ സമഗ്ര പുനരധിവാസ പദ്ധതിക്ക് തുടക്കമാകുന്നു. പുനര്‍ഗേഹം എന്ന് പേരിട്ട പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ബുധനാഴ്ച (മാര്‍ച്ച് അഞ്ച്) തിരുവനന്തപുരം ശംഖുമുഖത്ത് നിര്‍വ്വഹിക്കും. 
കടല്‍തീരത്തു നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി. 2450 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചെലവഴിക്കും. ഓഖി ദുരന്തത്തില്‍ ബോട്ട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് എഫ്ആര്‍പി ബോട്ടുകളുടെ വിതരണവും അഞ്ചാം തീയതി നടക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് എല്‍എന്‍ജി പെട്രോനെറ്റിന്റെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സൗജന്യ സൈക്കിള്‍ വിതരണവും ചടങ്ങില്‍ വച്ച് നടത്തും.










