കാഞ്ഞങ്ങാട് നഗരസഭയില്‍ മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ ആരംഭിക്കുന്നു

post

കാഞ്ഞങ്ങാട് നഗരസഭയിലെ ആരോഗ്യ മേഖലയ്ക്ക് ആശ്വാസമാകാന്‍ മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ വരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചു കൊണ്ടാണ് നഗരസഭയില്‍ ഹെല്‍ത്ത് വെല്‍നസ് സെന്റര്‍ സ്ഥാപിക്കുക. പുഞ്ചാവിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ പി.എച്ച്.സിയുടെ ഭാഗമായാണ് കാഞ്ഞങ്ങാട് നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളായ ആവിക്കര, പടന്നക്കാട്, പുതുക്കൈ എന്നിവടങ്ങളില്‍് ഹെല്‍ത്ത് വെല്‍നസ് സെന്റര്‍ സ്ഥാപിക്കുക.

നാഷനല്‍ ഹെല്‍ത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ ഒരുക്കുന്നത്. 2021-22 വര്‍ഷത്തില്‍ 1.33 കോടി രൂപയും, 2022 - 2023 വര്‍ഷത്തില്‍ 2.54 കോടി രൂപയുമാണ് ഹെല്‍ത്ത് ഗ്രാന്റായി കാഞ്ഞങ്ങാട് നഗരസഭയ്ക്ക് അനുവദിച്ചു കിട്ടിയത്. ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ നഗരസഭ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കര്‍മ്മ പദ്ധതിയും പ്രോജക്ടും സമര്‍പ്പിച്ചു കഴിഞ്ഞു. ഡോക്ടര്‍, നേഴ്സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, അറ്റന്‍ഡര്‍ എന്നിങ്ങനെ അഞ്ച് ജീവനക്കാരുടെ സേവനങ്ങള്‍ ഒരു വെല്‍നസ് സെന്ററില്‍ ലഭ്യമാകും.

എന്‍.എച്ച്.എം അംഗീകൃത വേതനമാകും ജീവനക്കാര്‍ക്ക് ലഭ്യമാക്കുക. ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പുഞ്ചാവിയിലുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ തിരക്ക് നിയന്ത്രിക്കാനും പൊതുജനങ്ങള്‍ക്ക് പകല്‍സമയത്ത് മെച്ചപ്പെട്ട സേവനം ലഭിക്കുകയും ചെയ്യും. പ്രോജക്ട് പാസാക്കുന്ന മുറയ്ക്ക് ആരോഗ്യ വകുപ്പുമായി ആലോചിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത പറഞ്ഞു.