സേവനത്തിന്റെ 131 വര്‍ഷങ്ങള്‍ തികച്ച് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രം

post

തൃശൂര്‍ : സേവനപാതയില്‍ 131 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രം. വാര്‍ഷിക ആഘോഷ ഉദ്ഘാടനം മാനസികാരോഗ്യ കേന്ദ്രം അങ്കണത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. 14 ഏക്കര്‍ സ്ഥലത്ത് കൊച്ചി മഹാരാജാവ് 1889 ല്‍ പടിഞ്ഞാറെ കോട്ടയില്‍ സ്ഥാപിച്ചതാണിത്. പൊതു സമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും ഏറെ ലഭിക്കേണ്ട മാനസിക രോഗികള്‍ക്കാവശ്യമായ കരുതലും സ്‌നേഹവും ആധുനിക ചികിത്സയും ഈ ആതുരാലയത്തില്‍ നല്‍കുന്നു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഈ കേന്ദ്രത്തിലെ അന്തേവാസികള്‍, കൂട്ടിരുപ്പുകാര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്റ്റാഫ് അംഗങ്ങളും, സൊസൈറ്റി ഫോര്‍ ഒക്കുപ്പേഷണല്‍ തെറാപ്പി യൂണിറ്റും സംയുക്തമായാണ് കലാപരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ഡെപ്യൂട്ടി ഡി എം ഓ ഡോ വി കെ മിനി, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ ടി ആര്‍ രേഖ, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ എസ് വി സുബ്രമണ്യന്‍, സൊസൈറ്റി ഫോര്‍ ഒക്കുപ്പേഷണല്‍ തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രസിഡന്റ് കെ രാധാകൃഷ്ണന്‍, എച്ച് എം സി അംഗങ്ങളായ വിശാലാക്ഷി, ബാലസുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.