കുടിവെള്ള സ്രോതസുകള്‍ മലിനം; 12 സ്‌കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബ് തുറക്കുന്നു

post

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജില്ലയിലെ 12 സ്‌കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ ആരംഭിക്കുന്നു. ജില്ലയിലെ വിവിധ കിണറുകളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും ശേഖരിച്ച ജല സാമ്പിളുകളുടെ ഗുണനിലവാരം പരിശോധിച്ചതില്‍ ഭൂരിഭാഗം സാമ്പിളുകളിലും മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുത്ത 12 സ്‌കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കിണര്‍ ജലാശയങ്ങളിലെ ജല സാമ്പിളുകള്‍ പരിശോധിച്ചതില്‍ അതീവ മാലിന്യം നിറഞ്ഞ് ഉപയോഗ്യ യോഗ്യമല്ലാത്ത രീതിയിലാണ് കണ്ടെത്തിയിട്ടുള്ളത്. 90 ശതമാനത്തിന് മുകളില്‍ മൂന്നെണ്ണവും 80-90 ശതമാനത്തിനിടയില്‍ മൂന്നെണ്ണവും 60-80 ശതമാനത്തിനിടയില്‍ 12 എണ്ണവും 50 ശതമാനത്തിന് മുകളില്‍ ഏഴെണ്ണവും മലിനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

കെമിസ്ട്രി ലാബുകളുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കെമിസ്ട്രി അധ്യാപകരുടെയും സയന്‍സ് വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയായിരിക്കും ലാബ് പ്രവര്‍ത്തിക്കുക. ജലഗുണനിലവാര പരിശോധന ലാബ് നിലവില്‍ വരുന്നതോടെ പ്രദേശത്തെ ജലസ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് ഫലം അറിയാനാവും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിീകരിച്ച് ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ പറഞ്ഞു.


ലാബുകള്‍ ഇവിടങ്ങളില്‍

ജി.എച്ച്.എസ്.എസ് ബങ്കര, ജി.എച്ച്.എസ്.എസ് പൈവളികെ, ജി.എച്ച്.എസ്.എസ് പട്ല, ജി.എച്ച്.എസ്.എസ് ബളാംതോട്, ജി.എച്ച്.എസ്.എസ് ബളാല്‍, ജി.എച്ച്.എസ്.എസ് പിലിക്കോട്, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, ജി.എച്ച്.എസ്.എസ് മടിക്കൈ, ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍, ജി.എച്ച്.എസ്.എസ് മുള്ളേരിയ, ജി.വി.എച്ച്.എസ്.എസ് കുണ്ടംകുഴി, ജി.എച്ച്.എസ്.എസ്. ഉദുമ എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് പുറമെ ഭൂജല വകുപ്പും ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ ലാബ് ആരംഭിക്കും. ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗിലും ജി.എച്ച്.എസ്.എസ് കുണ്ടംകുഴിയിലുമാണ് ലാബ് ആരംഭിക്കുക. ഒപ്പം പണം നല്‍കി വിശദമായി കുടിവെള്ള സാമ്പിള്‍ പരിശോധിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയും അഞ്ച് ലാബുകള്‍ ജില്ലയില്‍ ആരംഭിക്കും.