അര്‍ഹത പരിശോധിച്ച് വീടില്ലാത്തവര്‍ക്ക് ഇനിയും വീട് നല്‍കും -മുഖ്യമന്ത്രി

post

* ലൈഫ് മിഷന്‍ രണ്ടു ലക്ഷം വീട് പൂര്‍ത്തീകരണ പ്രഖ്യാപനം നിര്‍വഹിച്ചു

തിരുവനന്തപുരം: അര്‍ഹതാലിസ്റ്റില്‍ സാങ്കേതികകാരണങ്ങളാല്‍ പെടാതെ പോയവരുടെ അര്‍ഹത പരിശോധിച്ച് വീട് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ലൈഫ് മിഷന്‍ വഴി രണ്ടു ലക്ഷം വീട് പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി വഴി വീട് നല്‍കുന്നത് ഇവിടെ പൂര്‍ണമാകുന്നില്ല. നേരത്തെ നിശ്ചയിച്ച അര്‍ഹതാ ലിസ്റ്റില്‍പ്പെട്ടവരാണ് മൂന്നുഘട്ടങ്ങളായി ഉള്‍പ്പെട്ടത്. സാങ്കേതികപ്രശ്‌നങ്ങളാല്‍ ആ ഘട്ടത്തില്‍ അര്‍ഹതാലിസ്റ്റില്‍പ്പെടാത്തവരുണ്ട്. നാലരലക്ഷത്തിലേറെ പേര്‍ക്ക് വീടു ലഭിക്കുമ്പോള്‍ പിന്നീട് ചെറിയ സംഖ്യ മാത്രമേ വീട് ലഭിക്കാനുണ്ടാകൂ.
ഇങ്ങനെ വീണ്ടും അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയാറാക്കുന്നതിനും ഭവനം നല്‍കുന്നതിനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങള്‍ നേരിടുന്ന അനേകം പ്രശ്‌നങ്ങളില്‍ ഒന്നാണ് പാര്‍പ്പിടം. ആ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുംവിധം പരിഹരിക്കുന്നതില്‍ നേതൃത്വം നല്‍കേണ്ടത് ഭരിക്കുന്ന സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിനെല്ലാവരെയും സഹകരിപ്പിച്ച് അശരണരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പാര്‍പ്പിടം മാത്രമല്ല, മറ്റനേകം പ്രശ്‌നങ്ങളിലും ഇത്തരം ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.
2,14,262 വീടുകള്‍ പൂര്‍ത്തിയാക്കിയത് ചെറിയ കാര്യമല്ല. എല്ലാ ഭവനപദ്ധതികളും ചേര്‍ത്താണ് ലൈഫ് ഏകോപിപ്പിച്ചത്. പി.എം.എ.വൈ റൂറല്‍ മേഖലയില്‍ നല്‍കുന്നത് 75,000 രൂപവരെയാണ്. അതിനൊപ്പം 3,25,000 രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ ഇട്ടാലേ ലൈഫ് വീട് യാഥാര്‍ഥ്യമാകൂ. അര്‍ബന്‍ മേഖലയില്‍ 1,50,000 രൂപ വരെയാണ് നല്‍കുന്നത്. അതിനൊപ്പം രണ്ടരലക്ഷം സര്‍ക്കാര്‍ ലൈഫിനായി നല്‍കണം.
കേവലം വീടു മാത്രമല്ല, അവരുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കാനാവുന്ന ജീവസന്ധാരണ മാര്‍ഗമുണ്ടാവുക എന്നത് പ്രധാനമാണ്. ലൈഫിന്റെ ഭാഗമായി വീടുകള്‍ അനുവദിച്ചത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. അര്‍ഹത ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ആലംബഹീനര്‍, മാനസികബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് പരിഗണന നല്‍കി. നമ്മുടെ സംസ്ഥാനത്ത് പൂര്‍ത്തികരിച്ച വീടുകളില്‍ എല്ലാവരുടെയും സഹായമുണ്ടായി. ഇത്തരമൊരു പദ്ധതി രൂപീകരിച്ചതിലൂടെ നാടും നാട്ടുകാരും ഒത്തുചേര്‍ന്നു. സന്തോഷത്തിലും സന്താപത്തിലും പങ്കുചേരുകയെന്നതാണ് നമ്മുടെ നാടിന്റെ സംസ്‌കാരം. വീട് സ്വപ്നമായിരുന്നവര്‍ക്ക് അത് യാഥാര്‍ഥ്യമാക്കാനായത് സമൂഹത്തിനാകെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. അതുകൊണ്ടാണ് നാടാകെ ഒത്തുചേര്‍ന്ന് ഇത് വിജയമാക്കിയത്.
ആരു ഭരിച്ചുവെന്നോ, ആരു തുടങ്ങിയെന്നോ അല്ല, തുടങ്ങിയത് പൂര്‍ത്തിയാക്കാനായോ, എത്രയെണ്ണം പൂര്‍ത്തിയാക്കാന്‍ ഉണ്ട് എന്നതൊക്കെ അന്വേഷിക്കലാണ് പ്രധാനം. അങ്ങനെയാണ് 52,050 വീടുകള്‍ ആദ്യഘട്ടത്തില്‍ യാഥാര്‍ഥ്യമാക്കാനായത്. അതിനുപുറമേയാണ് രണ്ടാംഘട്ടത്തില്‍ 1,61,000 വീടുകള്‍ കൂടി നല്‍കിയത്. ഒന്നാംഘട്ടത്തിന്റെ ക്രെഡിറ്റ് ആരെങ്കിലും അവകാശപ്പെടാന്‍ ശ്രമിച്ചാലും ഗുണഭോക്താക്കള്‍ മാനസികമായി ഇതിനോട് യോജിക്കില്ല. ഇത് പൂര്‍ത്തിയാക്കാന്‍ സഹായിച്ചവരെ അവര്‍ക്കറിയാം.
ഇത്തരം കാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമൂഹിക പ്രവര്‍ത്തകര്‍ എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഇത്തരം സംരംഭങ്ങളില്‍ സഹകരിക്കാതെ ബഹിഷ്‌കരിക്കുന്നവര്‍ പാവങ്ങളോട് ക്രൂരതയാണ് കാണിക്കുന്നത്. എല്ലാ വിഷയങ്ങളിലും ബഹിഷ്‌കരണം തുടരാതെ ജനകീയ പ്രശ്‌നങ്ങളില്‍ സഹകരിക്കാന്‍ പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ തയാറാകണം. എന്നാല്‍ നമ്മുടെ നാടിന്റെ ഒരുമയും കരുത്തും നഷ്ടപ്പെട്ടിട്ടില്ല. നെഗറ്റീവ് നിലപാടുകള്‍ ജനങ്ങളെയോ സമൂഹത്തെയോ ബാധിച്ചിട്ടില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവരെ ചരിത്രം കുറ്റക്കാരെന്ന് വിലയിരുത്തും. നാടിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ ഒന്നിച്ചു നീങ്ങാനാകണം. തര്‍ക്കിക്കാനുള്ള വിഷയങ്ങളില്‍ തര്‍ക്കമാകാം.
എല്ലാ അര്‍ഥത്തിലും ലൈഫ് പദ്ധതിയിലൂടെ ജനങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. ചടങ്ങില്‍ തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ. ബാലന്‍, കെ. രാജു എന്നിവര്‍ സംബന്ധിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ സി. ദിവാകരന്‍, ബി. സത്യന്‍, സി.കെ. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, വി.കെ. പ്രശാന്ത്, ആസൂത്രണ ബോര്‍ഡംഗം ഡോ: കെ.എന്‍. ഹരിലാല്‍, നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, സര്‍ക്കാര്‍ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ഗ്രാമവികസന കമ്മീഷണര്‍ എന്‍. പത്മകുമാര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍. ഗിരിജ, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ ഡോ.എസ്. ചിത്ര, എം.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ ഡോ: ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വി.കെ. മധു നന്ദിയും പറഞ്ഞു.