നിറഞ്ഞു തുളുമ്പി ലൈഫ് സന്തോഷം

post

തിരുവനന്തപുരം : അതൊരു ചരിത്ര നിമിഷമായിരുന്നു. കേരളം വീണ്ടും ഇന്ത്യയ്ക്ക് മാതൃകയായ വേള. ലൈഫ് പദ്ധതിയില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനത്തിനും തിരുവനന്തപുരത്തെ ലൈഫ് ഗുണഭോക്തൃ കുടുംബസംഗമത്തിനും പുത്തരിക്കണ്ടത്ത് സാക്ഷിയായത് 35000 ത്തിലധികം പേര്‍.
ഉച്ച മുതല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലൈഫ് ഗുണഭോക്താക്കളും കുടുംബാംഗങ്ങളും പുത്തരിക്കണ്ടത്ത് എത്തിത്തുടങ്ങിയിരുന്നു. സുരക്ഷിത ഭവനം ലഭിച്ചതിന്റെ തിളക്കം അവരുടെയെല്ലാം കണ്ണുകളിലുണ്ടായിരുന്നു. നാലു മണിയോടെ വിശാലമായ വേദി നിറഞ്ഞു കവിഞ്ഞു. തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനസഞ്ചയത്തിനിടയിലൂടെ വേദിയിലേക്കെത്തിയത്. മന്ത്രിമാരായ എ. സി. മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍, വി. കെ. പ്രശാന്ത് എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നിറഞ്ഞ സന്തോഷത്തോടെയാണ് ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവര്‍ മുഖ്യമന്ത്രിയെ വരവേറ്റത്.
ചടങ്ങിന് മോടി കൂട്ടാന്‍ സ്ത്രീകളുടെ ചെണ്ടമേളവും പോലീസ് ബാന്റും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് വേദിയില്‍ പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനമേളയും നടന്നു. വിജയത്തിന്റെയും അഭിമാനത്തിന്റേയും കാഹളം മുഴക്കിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച വിളപ്പില്‍ പഞ്ചായത്തിലെ പേയാട് മാധവിക്കുട്ടിയമ്മയാണ് വിളക്ക് തെളിയിക്കാനുള്ള ദീപം മുഖ്യമന്ത്രിക്ക് കൈമാറിയത്. ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ മനസു നിറഞ്ഞാണ് ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.