കേരളാ മാരിടൈം ബോർഡ് ദുബൈയിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു
 
                                                കേരളത്തിലെ വിവിധ തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി കേരളാ മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ, ക്യൂബ്‌സ് ഇന്റർ നാഷണൽ ഗ്രൂപ്പുമായി സഹകരിച്ച് ബിസിനസ് കോൺക്ലേവ്  ദുബൈ ഗ്രാന്റ് മെർക്കുറി ഹോട്ടലിൽ സംഘടിപ്പിച്ചു. കേരളാ തുറമുഖ- മ്യൂസിയം - പുരാവസ്തു - പുരാരേഖാ  വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മുൻ യു.എ.ഇ ജലസേചന -പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ ഖിന്തി വിശിഷ്ടാതിഥിയായിരുന്നു.
വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.ഗോപാല കൃഷ്ണൻ ഐ.എ.എസ്, കേരളാ മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ സലീം കുമാർ, മെമ്പർ കാസിം ഇരിക്കൂർ, സി.പി. അൻവർ സാദത്ത്, യു.ടി.എം. ഷമീർ  എന്നിവർ സംബന്ധിച്ചു. കോൺക്ലേവിൽ അവതരിപ്പിച്ച വിവിധ നിക്ഷേപ അവസരങ്ങളിൽ യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ സംരഭകർ നിക്ഷേപ സന്നദ്ധത അറിയിച്ചു. പ്രസ്തുത കമ്പനികളുമായുള്ള തുടർ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.










