ഭിന്നശേഷി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു; ഇരുപത് മേഖലകളില്‍ പുരസ്‌കാരങ്ങള്‍

post

ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭിന്നശേഷി പുരസ്‌കാരം-2022ന് അപേക്ഷിക്കാം. മേഖലയുമായി ബന്ധപ്പെട്ട പരമാവധി പേരുടെ നാമനിര്‍ദ്ദേശങ്ങള്‍ പുരസ്‌കാര പരിഗണനക്ക് എത്തിക്കാന്‍ ശ്രമമുണ്ടാവണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു അറിയിച്ചു. നാമനിര്‍ദ്ദേശം ജില്ലാ സാമൂഹ്യനീതി ഓഫീസിലോ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ പത്ത്. ഇരുപത് വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച പൊതുമേഖലാ ജീവനക്കാര്‍, മികച്ച സ്വകാര്യമേഖലാ ജീവനക്കാര്‍, സ്വകാര്യമേഖലയില്‍ മികച്ച എന്‍ജിഒ സ്ഥാപനങ്ങള്‍, മികച്ച മാതൃകാവ്യക്തി, മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, മികച്ച കായികതാരം, ദേശീയ/അന്തര്‍ദേശീയ പുരസ്‌കാരം നേടിയവര്‍, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷിമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, എന്‍ജിഒ മുന്‍കയ്യിലുള്ള മികച്ച ഭിന്നശേഷി പുനരധിവാസകേന്ദ്രം, സാമൂഹ്യനീതി വകുപ്പിനു കീഴിലെ മികച്ച ഭിന്നശേഷിക്ഷേമസ്ഥാപനം, സര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖല വിഭാഗങ്ങളിലെ ഭിന്നശേഷിസൗഹൃദ സ്ഥാപനം, സര്‍ക്കാര്‍ വകുപ്പുകളിലെ മികച്ച ഭിന്നശേഷിസൗഹൃദ വെബ്‌സൈറ്റ്, മികച്ച ഭിന്നശേഷിസൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍, ഭിന്നശേഷിജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമായ പദ്ധതികള്‍/സംരംഭങ്ങള്‍/ ഗവേഷണങ്ങള്‍ എന്നിവക്കെല്ലാം പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം നല്‍കാം.

നാമനിര്‍ദ്ദേശത്തോടൊപ്പം നിര്‍ദ്ദിഷ്ട മാതൃകയില്‍ ആവശ്യമായ വിശദവിവരങ്ങളും ലഭ്യമാക്കണം. അതിനുള്ള മാതൃകയും കൂടുതല്‍ വിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും swd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.