വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

post

തിരുവനന്തപുരം: കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. വിദ്യാഭ്യാസ ആനുകൂല്യമായി നിലവില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ക്ക് നല്‍കി വരുന്ന പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് നിരക്ക് 750 രൂപയായിരുന്നത് 1000 രൂപയായി ഉയര്‍ത്തി. മറ്റ് കോഴ്‌സുകള്‍ക്കും നിലവിലെ പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് നിരക്കില്‍ നിന്നും 500 രൂപയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ട്.

കലാ-കായിക  സാംസ്‌ക്കാരിക രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്ന ക്ഷേമനിധി അംഗതൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കും.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാനതല കലോത്സവങ്ങളിലും സര്‍വ്വകലാശാല തലത്തിലും ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ അവാര്‍ഡ് തുകയായി നല്‍കും. 2018-19 അധ്യയന വര്‍ഷവും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സര്‍ക്കാര്‍ ബോര്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്.

ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2018-19 വര്‍ഷത്തില്‍ ബിരുദ/ബിരുദാനന്തര (പ്രഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെ) കോഴ്‌സുകള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും കാഷ് അവാര്‍ഡ് നല്‍കാന്‍ ബോര്‍ഡിന് സര്‍ക്കാര്‍ അനുമതി നല്‍കി.