സ്‌കൂളുകളില്‍ പരാതി പരിഹാരസെല്‍ രൂപീകരിക്കണം-വനിതാ കമ്മീഷന്‍

post

പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി


സ്‌കൂളുകളില്‍ പരാതി പരിഹാര സെല്‍ നിര്‍ബന്ധമായും രൂപീകരിക്കണമെന്നും ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ കമ്മീഷന്‍ സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ തൊഴിലിടത്തിലും സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. സ്‌കൂളുകളില്‍ അധ്യാപികമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കമ്മീഷന് മുന്നില്‍ എത്തുന്നുണ്ട്. 10 ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവിടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടായിരിക്കണമെന്നുണ്ടെങ്കിലും ഭൂരിഭാഗം സ്‌കൂളുകളിലും ഇത്തരം സംവിധാനങ്ങളില്ലെന്നത് ഗൗരവമായി കാണണം. ഇത് സാക്ഷര കേരളത്തിന് ഭൂഷണമല്ല. വളര്‍ന്നു വരുന്ന സമൂഹത്തിന് നിയമാവബോധം പകരേണ്ടുന്ന അധ്യാപികമാര്‍ പരാതിയുമായി കമ്മീഷന് മുന്നില്‍ എത്തുന്നത് സങ്കീര്‍ണമായ വിഷയമാണ്.

കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ വനിതാ കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വിവാഹപൂര്‍വ കൗണ്‍സിലിങ് ഉറപ്പാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് ഇതുറപ്പു വരുത്തണം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ കൗമാരക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ഇവിടങ്ങളില്‍ തന്നെ വിവാഹ പൂര്‍വ കൗണ്‍സിലിങ് നടത്താനും കഴിയും. കുടുംബപ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരം കാണാന്‍ ജാഗ്രതാ സമിതികള്‍ക്ക് കഴിയുമെന്നും പഞ്ചായത്ത് തലത്തില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.