ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയില്‍ പത്തിനപരിപാടികള്‍ നടപ്പാക്കും

post

ആരോഗ്യ പരിശോധനയില്‍ ജില്ല നാലാം സ്ഥാനത്ത്


ആര്‍ദ്രം മിഷനിലൂടെ ജില്ലയില്‍ പത്തിന പരിപാടികള്‍ നടപ്പിലാക്കാന്‍ ആരോഗ്യ വകുപ്പ്. പകര്‍ച്ചവ്യാധികളും ജീവിത ശൈലീ രോഗങ്ങളും തടയാനുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ സംരക്ഷണത്തിനുള്ള ബോധവല്‍കരണ പരിപാടികളും ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ രൂപീകരണവും പദ്ധതികളില്‍ ഉള്‍പ്പെടും. തെരഞ്ഞെടുത്ത അഞ്ച് രോഗങ്ങളുടെ നിര്‍മാര്‍ജനമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. മലേറിയ, ക്ഷയം, എച്ച്.ഐ.വി, മന്ത്, കാലാഅസര്‍ എന്നിവയെ ജില്ലയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.

ജില്ലയില്‍ ഈ വര്‍ഷം തദ്ദേശിയമായി പത്ത് മലേറിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഇത് നൂറിനടുത്തായിരുന്നു. ക്ഷയ ബാധിതരുടെ എണ്ണം കുറച്ച് മറ്റുള്ളവരിലേക്ക് പകരുന്നത് കുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. എച്ച് ഐ.വി പ്രതിരോധ രംഗത്തും വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് തീരൂമാനം. എച്ച്.ഐ.വി ബാധിതരായവര്‍ പൂര്‍ണമായും ചികിത്സ തേടി എന്ന് ഉറപ്പാക്കും. അനുദിനം വര്‍ധിക്കുന്ന അര്‍ബുദ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ നിയന്ത്രണ പദ്ധതി നടപ്പിലാക്കും. ഗര്‍ഭാശയ ക്യാന്‍സര്‍, സ്തനാര്‍ബുദം , വായയിലെ അര്‍ബുദം ഇവയുടെ പരിശോധന സജീവമാക്കും. ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്താന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പാപ്സ്മിയര്‍ പരിശോധനയും, സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടാല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധിക്കാനും വായയിലെ ക്യാന്‍സറുമായി ബന്ധപ്പെട്ട് ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് അല്ലെങ്കില്‍ ജില്ലാ ആശുപത്രിയില്‍ സജ്ജമാക്കുന്ന ലാബ് വഴി പരിശോധിക്കാനും സൗകര്യം ഒരുക്കും. ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സജീവമാക്കും.


ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഹോര്‍മോണ്‍ അനാലിസിസ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കും. പരിശോധനാ ഫലം ഇമെയിലിലേക്കോ മൊബൈല്‍ ഫോണിലേക്കോ ലഭ്യമാകുന്ന തരത്തില്‍ ക്രമീകരിക്കും.

വാര്‍ഷിക ആരോഗ്യ പരിശോധന ജനങ്ങളില്‍ നടപ്പിലാക്കുകയാണ് മറ്റൊരു ലക്ഷ്യം. പരിശോധന ഇതിനകം ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞു. പരിശോധനകളുടെ കണക്കില്‍ സംസ്ഥാനത്ത് ജില്ല നാലാം സ്ഥാനത്താണ്. 1.85 ലക്ഷം പേര്‍ ഇതുവരെ ആരോഗ്യ പരിശോധന നടത്തി. ശൈലീ ആപ്പ് മുഖേന ആശ വര്‍ക്കര്‍മാര്‍ ഇതിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനുള്ള സൗകര്യവും ഒരുക്കും.


ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ ഭക്ഷണ ക്രമീകരണങ്ങളും വ്യായാമമുറകളും സംബന്ധിച്ച് ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഒരു ഐസോലേഷന്‍ വാര്‍ഡ് നിര്‍മിക്കും. കാസര്‍കോട് ഒഴികെ ബാക്കി മണ്ഡലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ ഉടന്‍ ആരംഭിക്കും. മനുഷ്യന്റെ ആരോഗ്യം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയത്തിലൂന്നി വണ്‍ ഹെല്‍ത്ത് ഇനീഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പാലിയേറ്റീവ് രംഗത്ത് സ്‌കൂള്‍ കോളജ് നഴ്സിംഗ് വിദ്യാര്‍ഥികളെ കൂടി പങ്കാളികളാക്കും. ഇതിനായി പരിശീലന ക്ലാസ് സംഘടിപ്പിക്കും.