പയ്യാവൂരിനെ സാഗി പദ്ധതി പ്രകാരം ദത്തെടുത്തു

പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ കേന്ദ്രസർക്കാറിന്റെ 'സൻസദ് ആദർശ് ഗ്രാമ യോജന' സാഗി പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സാഗി പദ്ധതി പ്രകാരം ഡോ. ജോൺ ബ്രിട്ടാസ് എംപിയാണ് പയ്യാവൂർ ഗ്രാമപഞ്ചായത്തിനെ ഏറ്റെടുത്തത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി നിർമിക്കുന്ന ബഡ്സ് സ്കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ശിലാസ്ഥാപനവും എംപി നിർവഹിച്ചു.
പഞ്ചായത്തിലെ പത്താം വാർഡിലാണ് ബഡ്സ് സ്കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ നിർമിക്കുന്നത്. 'സാഗി' പദ്ധതി പ്രകാരം ഓരോ എംപിക്കും ഏതാനും ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ വികസിപ്പിക്കുന്നതിനും പദ്ധതി നിർവഹണത്തിൽ നേരിട്ട് മാർഗ നിർദ്ദേശം നൽകാനും കഴിയും. ഏറ്റെടുത്തു നടത്തേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്തിമ രൂപരേഖ തയ്യാറാക്കും. കുടുംബശ്രീ സംഘടിപ്പിച്ച പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഹരിത സേനാംഗങ്ങൾക്കുള്ള ബോണസ് വിതരണവും എം.പി നിർവഹിച്ചു.