മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓണാഘോഷ പരിപാടികളുമായി വയോമിത്രം യൂണിറ്റുകള്‍

post

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓണാഘോഷ പരിപാടി സംഘടിപ്പിച്ച് വയോമിത്രം യൂണിറ്റുകള്‍. സംസ്ഥാന സര്‍ക്കാര്‍ വയോജനങ്ങളുടെ ആരോഗ്യ-സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയുടെ ഭാഗമായി നഗരസഭകള്‍ കേന്ദ്രീകരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒറ്റപ്പാലം നഗരസഭ വയോമിത്രം യൂണിറ്റ് സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കണ്ണിയംപുറം പിഷാരടി ഓഡിറ്റോറിയത്തില്‍ ഓണ വൃത്തം ഒരുമ വൃത്തം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

ചെര്‍പ്പുളശ്ശേരി നഗരസഭ വയോമിത്രം യൂണിറ്റ്, ലയണ്‍സ് ക്ലബ് ചെര്‍പ്പുളശ്ശേരിയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിന് ലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഓണ വൃത്തം ഓര്‍മ്മ വൃത്തം എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ നിര്‍വഹിക്കും. വയോജനങ്ങളെ ആദരിക്കല്‍, വയോജനങ്ങളുടെ ഓണം ഓര്‍മ്മകള്‍ പങ്കുവയ്ക്കല്‍, കലാപരിപാടികളുടെ അവതരണം, എന്നിവ നടക്കും. ജില്ലയിലെ മുഴുവന്‍ നഗരസഭകളിലും വയോമിത്രം പദ്ധതിയുടെ ഭാഗമായി വയോജന ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.