അമ്പുമല കോളനിക്കാര്‍ക്ക് ഇനി ആശുപത്രിയില്‍ പോവാതെ മരുന്നു വാങ്ങാം

ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ അമ്പുമല ആദിവാസി ഊരില്‍ ടെലിമെഡിസിന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. 2021 കോവിഡ് കാലത്ത് നബാര്‍ഡ് ധനസഹായത്തോടെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഈ കോളനിയില്‍ വിദൂര നിയന്ത്രണ സംവിധാനത്തില്‍ വൈഫൈ നല്‍കി പഠന സൗകര്യം ഒരുക്കിയിരുന്നു. ഇതുപയോഗിച്ചാണ് ഇപ്പോള്‍ ടെലിമെഡിസിന്‍ സൗകര്യം കൂടി ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് ചാലിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ജില്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ആയി രോഗിയെ കണ്ടു പരിശോധിക്കുവാനും മരുന്ന് കുറിച്ചുകൊടുക്കുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോളനിയിലെ സാംസ്‌കാരിക നിലയത്തില്‍ ആവശ്യമായ ക്യാമറ, ഷുഗര്‍, പ്രഷര്‍, ഓക്‌സിജന്‍, പനി എന്നിവ അളക്കുവാനുള്ള ഉപകരണങ്ങളും മരുന്നുകളും തയ്യാറാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍ നിന്നുതന്നെ പരിശീലനം നല്‍കി സുനില്‍ എന്ന വളണ്ടിയറേയും നിയമിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ആവശ്യമായ സമയങ്ങളില്‍ വളന്റിയര്‍മാര്‍ മുഖേന ഡോക്ടറെ വിളിക്കുവാനും ഡോക്ടര്‍ക്ക് രോഗിയെ കണ്ട് പ്രാഥമിക പരിശോധന നടത്തി മരുന്ന് കുറിച്ചുകൊടുക്കുവാനും ഉള്ള സംവിധാനമാണ് ടെലിമെഡിസിനിലൂടെ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യമായ മരുന്നുകളും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ഡോക്ടര്‍ ഓരോ മരുന്നും വളന്റിയര്‍ക്ക് കാണിച്ചുകൊടുത്ത് രോഗികള്‍ക്ക് നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ അമ്പുമലയില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി മൂന്നുമാസത്തിനകം പത്ത് കോളനികളിലേക്കും ഒരു വര്‍ഷത്തിനകം ജില്ലയിലെ എല്ലാ കോളനികളിലേക്കും വ്യാപിപ്പിക്കാനുള്ള കര്‍മ്മ പദ്ധതിയാണ് ജെ.എസ.് എസ് തയ്യാറാക്കിയത്.
വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ കമ്പ്യൂട്ടിങ് ആണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത്. നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ അമ്പുമല കോളനിയിലെ മൂപ്പന്‍ ചെമ്പനെ പരിശോധിച്ച് പി.വി. അബ്ദുള്‍ വഹാബ് എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. ഡോ. ജിതേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ചാലിയാര്‍ പി.എച്ച്.സി ഡോക്ടര്‍ സഹന, ഗ്രാമ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജി. വിജയകുമാര്‍, ജെ.എസ്.എസ് വൈസ് ചെയര്‍മാന്‍ അബ്ദുസമദ് ചീമാടന്‍, ജെ.എസ്.എസ് ഡയറക്ടര്‍ വി.ഉമ്മര്‍ കോയ, ഐടിഐ പ്രിന്‍സിപ്പല്‍ പി.സി വേണുഗോപാല്‍, വിനോദ് പി. മേനോന്‍, നബാര്‍ഡ് ഡി.ഡി.എം എ.മുഹമ്മദ് റിയാസ്, ലീഡ് ബാങ്ക്മാനേജര്‍ പി. ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.