ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ ജില്ലയിൽ 'പാഠം ഒന്ന് - ഒച്ച്' പരിപാടി

post

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന ആഫ്രിക്കൻ ഒച്ചുകളുടെ സാന്ദ്രത കുറയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 'പാഠം ഒന്ന് -ഒച്ച്' എന്ന പരിപാടി ഓഗസ്റ്റ് 25 മുതൽ 31 വരെ ജില്ലയിലുടനീളം നടപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ അറിയിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ഓഗസ്റ്റ് 24നു രാവിലെ 10.30നു നിർവഹിക്കും.

മനുഷ്യരുടേയും മൃഗങ്ങളുടേയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഏകാരോഗ്യം' പദ്ധതിയുടെ ഭാഗമായാണ് പരിപാടി. കൃഷി വകുപ്പ്, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, കുമരകം കൃഷി വിജ്ഞാനകേന്ദ്രം, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക. ജില്ലയിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പരിപാടി നടപ്പാക്കും.

ഒച്ചുകൾക്ക് കെണിയൊരുക്കും

തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന, പാടശേഖര സമിതികൾ, പച്ചക്കറി കർഷകരുടെ സംഘങ്ങൾ, കർഷക കൂട്ടയ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം ഒച്ചുകളെ കെണികൾ ഉണ്ടാക്കി പിടിച്ചു നശിപ്പിക്കുകയാണു പരിപാടി. ഇതിനായി കാബേജ്, കോളിഫ്ളവർ, പപ്പായ, എന്നിവയിലൊന്നിന്റെ ഇലകൾ ചെറിയ കഷ്ണങ്ങളായി മുറിക്കുകയോ ചതക്കുകയോ ചെയ്തശേഷം നനഞ്ഞ ചാക്കിലോ ബെഡ്ഷീറ്റിലോ ഇട്ടു വീടിനു ചുറ്റുംവച്ച് കെണിയൊരുക്കും. തുടർന്ന് ഒച്ചിനെ പിടികൂടി ഉപ്പു വെള്ളത്തിൽ (ഒരു ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ഉപ്പ്) ഇട്ടു നശിപ്പിക്കും. ചത്ത ഒച്ചുകളെ പ്രദേശത്തുതന്നെ കുഴികളിലിട്ടു മൂടും. വൈകുന്നേരങ്ങളിൽ കെണിവയ്ക്കുകയും രാത്രിയിൽ തന്നെ കുഴിച്ചുമൂടുകയും ചെയ്യും. ഇപ്രകാരം ഒരാഴ്ചക്കാലം ജില്ലയിലുടനീളം ഒച്ചുകളെ നശിപ്പിക്കും. താറാവുകളെ വളർത്തുന്നതാണ് പ്രധാന ജൈവ നിയന്ത്രണ മാർഗം. ആഫ്രിക്കൻ ഒച്ചുകൾ താറാവുകളുടെ ഇഷ്ട ഭക്ഷണമാണ്.

ഒച്ചുകൾ പെരുകിയാൽ വിളനഷ്ടം

ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒച്ചുകളുടെ എണ്ണം വർധിക്കുകയും കാർഷിക വിളകൾ നശിപ്പിക്കുകയും നിരവധി കുട്ടികൾക്ക് മസ്തിഷ്‌കജ്വരം ബാധിക്കുകയും ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഒച്ചുകളുടെ നിയന്ത്രണത്തിനായി പ്രത്യേക പരിപാടി നടപ്പാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ജില്ലയിൽ ഉഴവൂർ, പാമ്പാടി ബ്ലോക്കുകളിലും മേലുകാവ് പഞ്ചായത്തിലുമാണ് ഒച്ചിന്റെ ശല്യം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ആഫ്രിക്കൻ ഒച്ചുകൾ അനിയന്ത്രിതമായി പെരുകുന്നത് ഒട്ടുമിക്ക കാർഷിക വിളകളെയും ഗുരുതരമായി ബാധിക്കും. കർഷകർക്കും പ്രദേശവാസികൾക്കും കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇവ പെരുകുന്നത് മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്‌ക ജ്വരം പോലെയുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. 2018 ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് പലയിടത്തും ഇവ പെരുകുന്നതായാണ് സൂചന.

പച്ചക്കറിവിളകൾ, ഫലവർഗങ്ങൾ തുടങ്ങി മുന്നൂറിലധികം വിളകളെ ഇവ സാരമായി ബാധിക്കും. ഒരു ഒച്ച് അനുകൂല കാലാവസ്ഥയിൽ ഒരു കിലോഗ്രാം വരെ തൂക്കം വയ്ക്കും. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും മുമ്പ് ഇവയെ കെണിയിലാക്കി നിയന്ത്രിക്കുന്നതിന് കർഷകരെയും പൊതുജനങ്ങളെയും പ്രാപ്തരാക്കുകയാണ് 'പാഠം ഒന്ന് - ഒച്ച്' പരിപാടിയുടെ ലക്ഷ്യം. ബോധവൽക്കരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തുതലത്തിൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെയും നേതൃത്വത്തിലും പഞ്ചായത്തുതലങ്ങളിൽ കൃഷി ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലും ഡെമോസ്ട്രേഷൻ ക്ലാസുകൾ നടത്തും. തുടർച്ചയായി നാലുവർഷം മഴക്കാലത്തിനു ശേഷമുള്ള ഒരാഴ്ചക്കാലം പരിപാടി നടപ്പാക്കും.