തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് മുഖേന നടപ്പാക്കി വരുന്നത് 450 കോടിയുടെ വികസനം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

ചാല പച്ചക്കറിക്കമ്പോളത്തിന് ഇനി പൈതൃകമുഖം

തിരുവനന്തപുരം : അസൗകര്യങ്ങളില്‍ ഉഴലുന്ന ചാലയെ പഴയപ്രൗഢിയിലേക്ക് കൊണ്ടുവരാന്‍ ചാല പൈതൃകത്തെരുവ് നവീകരണം പൂര്‍ത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . തിരുവനന്തപുരം ജില്ലയില്‍ മാത്രം ടൂറിസം വകുപ്പ് മുഖേന നടപ്പാക്കി വരുന്നത് 450 കോടി രൂപയുടെ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് നടപ്പാക്കുന്ന ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ട വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിന്റെ സാംസ്‌കാരികചരിത്രത്തിന്റെ ഭാഗമാണ് ചാല കമ്പോളം. വ്യാപാരികളുടെ ആശങ്കകളും അഭിപ്രായവും പരിഗണിച്ചാണ് ചാല നവീകരണം മുന്നോട്ടുപോകുന്നത്. 

10 കോടി രൂപയുടെ പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമാകുമ്പോള്‍ സംസ്ഥാനത്തിന്റെ അഭിമാനമാകും. കിഴക്കേക്കോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും ആര്യശാല ജംഗ്ഷന് മുഖഛായയും കൈവരും. മാലിന്യസംരക്ഷണത്തിന് നഗരസഭ, ശുചിത്വമിഷന്‍, ട്രിഡ എന്നിവയുടെ സഹായത്തോടെ വിപുലമായ പദ്ധതി വരും. ഇതിനുപുറമേ, സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള വികസനങ്ങള്‍ കൂടി വരുമ്പോള്‍ ചാല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. സ്മാര്‍ട്ട് റോഡുകള്‍, ഭൂഗര്‍ഭ കേബിളുകള്‍, പൂന്തോട്ടം, നടപ്പാത തുടങ്ങിയവ ഇതിന്റെ ഭാഗമായി വരും. അട്ടക്കുളങ്ങരയിലെ ട്രിഡയുടെ ഭൂമിയില്‍ വലിയ വെയര്‍ ഹൗസ് സ്ഥാപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ചാലയിലേക്ക് സബ് വേ പണിയാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പരിഗണനയിലുണ്ട്. 

പൈതൃകകേന്ദ്രങ്ങളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. തലശ്ശേരി, മുസിരിസ്, ആലപ്പുഴ തുടങ്ങി വിവിധ പദ്ധതികള്‍ ഉദാഹരണങ്ങളാണ്.  ഇതിനകം പ്രഖ്യാപിച്ച തിരുവിതാംകൂര്‍ പൈതൃക സംരക്ഷണ പദ്ധതി ഉടന്‍ ആരംഭിക്കും. 10 കോടി രൂപ ആദ്യഘട്ടത്തിനായി ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കനകക്കുന്ന് പാലസ് നവീകരണത്തിന് 10 കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാനാകും. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജും ഉടന്‍ ഉദ്ഘാടനം ചെയ്യും. കോവളം, ശംഖുമുഖം, വര്‍ക്കല, ആക്കുളം വികസനത്തിനും വിവിധ പദ്ധതികളാണ് നടപ്പായിവരുന്നത്. ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ ടൂറിസം അക്കാദമി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.


ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ടത്തില്‍ പച്ചക്കറി ചന്തയുടെ നവീകരണമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 233 കടകളാണ് നിര്‍മിച്ചത്.  കിഴക്കേക്കോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും ആര്യശാല ജംഗ്ഷന് പുതിയ മുഖച്ഛായയും ഈ പദ്ധതി പ്രകാരം സൃഷ്ടിക്കും. ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്രമതിലുകള്‍, മേല്‍ക്കൂരയോടു കൂടിയ നടപ്പാത, വിശ്രമബെഞ്ചുകള്‍, പ്രവേശന കവാടങ്ങള്‍, അമിനിറ്റി സെന്റര്‍, ആര്യശാല ജംഗ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ പ്രതിമ തുടങ്ങി പരമ്പരാഗത ഭംഗി നിലനിര്‍ത്തിക്കൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളും സൗന്ദര്യവത്കരണവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.