ട്രക്ക്, ലോറി ഡ്രൈവര്‍മാര്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കും: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്

തിരുവനന്തപുരം : ട്രക്ക്, ലോറി ഡ്രൈവര്‍മാര്‍ക്ക് മാര്‍ഗ രേഖ തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് റോഡ് സുരക്ഷാ കമ്മീഷണര്‍, ലേബര്‍ കമ്മീഷണര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവരങ്ങിയ സംഘമാണ് മാര്‍ഗ രേഖ തയ്യാറാക്കുക. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
ഓരോ ജില്ലയിലും പരിശോധനക്ക് 14 പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കും. മോട്ടോര്‍ വാഹന വകുപ്പിലെയും പോലീസിലെയും ഓരോ ഉദ്യോഗസ്ഥരാണ് സ്ക്വാഡിലുണ്ടാകുക. റോഡ് സുരക്ഷാ കമ്മീഷണര്‍ സ്ക്വാഡുകളെ ഏകോപിപ്പിക്കും. റോഡ് സുരക്ഷാ അതോറിറ്റക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറും. ഡ്രൈവര്‍മാരുടെ പെരുമാറ്റം രേഖപ്പെടുത്തുന്നതിന് സിഡാക്കിന്റെ സാഹയത്തോടെ സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
അവിനാശിയിലെ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും കണ്ടെയ്നര്‍ ലോക്ക് ചെയ്യാത്തതുമാണെന്ന ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി അറിയിച്ചു. അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെ.എസ്.ആര്.ടി.സി നല്കുന്ന പത്ത് ലക്ഷം രൂപയില്‍ ആദ്യ ഗഡു രണ്ട് ലക്ഷം രൂപ അടുത്ത ദിവസം നല്‍കും. ഹൈവേകളില്‍ ട്രക്കുകളിലും കണ്ടെയ്നറുകളിലും ലോക്ക് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളില്‍ ഒരു ഡ്രൈവര്‍ മതിയെന്ന നിബന്ധന പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസുകളില്‍ നിശ്ചിത സമയത്ത് ജീവനക്കാര്‍ മാറുന്ന ക്രൂ ചെയ്ഞ്ച് മാതൃക നടപ്പാക്കും. ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിശ്രമകേന്ദ്ര സംവിധാനമൊരുക്കും. ദേശീയപാതയില്‍ 36 സ്ഥലത്തും സംസ്ഥാനപാതയില്‍ 11 ഇടങ്ങളിലും വിശ്രമ കേന്ദ്രമൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയതായും മന്ത്രി അറിയിച്ചു. മോട്ടോര്‍ വാഹനവകുപ്പ് പരിശോധ കര്‍ശനാമാക്കുകയും നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കയാണ്. കഴിഞ്ഞ മൂന്നുമാസങ്ങളില്‍ അപകടങ്ങളില്‍ 15 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ നിയമലംഘനം നടത്തിയ 51 ആഡംബര വാഹനങ്ങളില്‍നിന്ന് 16 ലക്ഷം രൂപ പിഴയീടാക്കിയതായും മന്ത്രി അറിയിച്ചു.