'കൈറ്റ്' പഠിക്കാൻ ബീഹാർ സിവിൽ സർവീസ് ട്രെയിനികൾ

post



ബീഹാർ സിവിൽ സർവീസിന്റെ ഭാഗമായി എഡ്യൂക്കേഷൻ സർവീസിലെ ട്രെയിനികൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഐ.ടി. മുന്നേറ്റം പഠിക്കാൻ കൈറ്റ് സന്ദർശിച്ചു. ഐ.എം.ജി. നടത്തുന്ന പരിശീലനവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. 32 പേരാണ് പരിശീലനത്തിനായി എത്തിയത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളായ ഇ-ഗവേണൻസ് പ്രോജക്ടുകൾ, അധ്യാപകർക്കുള്ള ടെക്‌നോളജി സഹായം, കൈറ്റ് വിക്ടേഴ്‌സിലെ വീഡിയോ കണ്ടന്റ് തയ്യാറാക്കൽ, അവയുടെ സാങ്കേതികവിദ്യ പരിചയപ്പെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ട്രെയിനിംഗ്. ശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളിലും സാങ്കേതികവിദ്യയിലേയ്ക്കുമുള്ള പഠനത്തിനായി കൈറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ സ്‌കൂളുകളിൽ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഐ.സി.ടി. പഠനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും അനുകരണീയമാണെന്ന് ബി.എ.എസ്. അംഗമായ ഗാർഗി കുമാരി പറഞ്ഞു. കോവിഡ് 19 കാലത്ത് ഡിജിറ്റൽ ക്ലാസുകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അത് തെളിയിച്ചതാണെന്ന് സിവിൽ സർവീസ് ട്രെയിനിയായ വിഷ്ണുകാന്ത് റായ് അഭിപ്രായപ്പെട്ടു. ഇത്തരം മാതൃകകൾ ബീഹാറിലും നടപ്പിൽ വരുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഐ.എം.ജി. ഡയറക്ടർ കെ. ജയകുമാറിന്റെ മാർഗനിർദേശത്തിൽ കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത്, കൈറ്റ് വിക്ടേഴ്‌സ് സീനിയർ കണ്ടന്റ് എഡിറ്റർ കെ.മനോജ് കുമാർ എന്നിവർ ക്ലാസെടുത്തു.

പി.എൻ.എക്സ്. 3690/2022