എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി

post


സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നതാണു സർക്കാരിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരേയും ചേർത്തു പിടിച്ചു മുന്നോട്ടു പോകാനാണു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ചിൽഡ്രൺസ് ഹോമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച 'ഫെസ്റ്റ് ഓഫ് ഹാപ്പിനസ്' കലാ, കരകൗശല മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തിജീവിതത്തിൽ ഏറ്റവും കരുതലും ശ്രദ്ധയും വേണ്ട കാലമാണു ബാല്യകാലമെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിത്വ വികാസത്തിനു സഹായകമായ നിരവധി പ്രത്യേക ഘടകങ്ങൾ ഈ ഘട്ടത്തിലാണു രൂപപ്പെടുന്നത്. സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായി ചില വേർതിരിവുകൾ സമൂഹത്തിൽ ഉണ്ടാകുന്നുവെന്നതു വസ്തുതയാണ്. അത്തരത്തിലുള്ള വേർതിരിവുകളൊന്നും ബാധകമാകാത്ത കാലമാണു ബാല്യകാലം. പക്ഷേ, നിർഭാഗ്യവശാൽ പലർക്കും ആ ഘട്ടത്തിലും സാമൂഹ്യവ്യവസ്ഥയുടെ ഭാഗമായുള്ള ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുവെന്നതു യാഥാർഥ്യമാണ്. ഇത് ഇല്ലാതാക്കാനും അത്തരത്തിലുള്ളവരെയടക്കം മികച്ച രീതിയിൽ ഉയർത്തിക്കൊണ്ടുവരാനും ഭാവി ജീവിതം നല്ല രീതിയിൽ കരുപ്പിടിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിൽഡ്രൺസ് ഹോമിലെ കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവുമായ വളർച്ചയ്ക്കു വേണ്ടി ഹോമുകളുടെ അന്തരീക്ഷത്തേയും അടിസ്ഥാന സൗകര്യങ്ങളേയും പൂർണമായി പരിവർത്തനപ്പെടുത്തുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ, വനിതാ - ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചിൽഡ്രൺസ് ഹോമുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകും. പഠിക്കാനും കളിക്കാനുമൊക്കെയുള്ള മികച്ച സൗകര്യം ഇവിടങ്ങളിലൊരുക്കും. സംസ്ഥാനത്തെ ശിശുസൗഹൃദമാക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തിൽ ഏറ്റവും പ്രധാനമാണു മികച്ച ചിൽഡ്രൺസ് ഹോമുകളെന്നും മന്ത്രി പറഞ്ഞു.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഫെസ്റ്റ് ഓഫ് ഹാപ്പിനസിൽ സംസ്ഥാനത്തെ വിവിധ ജി്ല്ലകളിൽനിന്നുള്ള സർക്കാർ, സർക്കാരിതര ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ നിരവധി കുട്ടികൾ പങ്കെടുത്തു.