50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും

post



നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.


നിലവിൽ വകുപ്പിന് കീഴിലെ റോഡുകളിൽ 10 ശതമാനമാണ് ഈ നിലവാരത്തിലുള്ളത്. ഇത്തവണ മഴക്കാല പൂർവ പ്രവൃത്തികൾക്ക് 322 കോടി 16 ലക്ഷം രൂപ ചെലവഴിച്ചു. റോഡുകളുടെ പരിപാലന കാലാവധി കഴിയുന്നതിനു മുൻപേ തന്നെ അറ്റകുറ്റപ്പണികൾ മുന്നിൽകണ്ട് റണ്ണിംഗ് കോൺട്രാക്റ്റ് സംവിധാനം നടപ്പാക്കി. മഴക്കാല പൂർവ പ്രവൃത്തികളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 117.30 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 154.98 കോടി രൂപയും ചെലവാക്കി. 2017 ൽ രൂപീകരിച്ച് 2018 ൽ പ്രവർത്തനം ആരംഭിച്ച മെയിന്റനൻസ് വിഭാഗം വളരെ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.


കരാറുകാരുടെ പേര്, ഫോൺനമ്പർ, ടോൾഫ്രീ നമ്പർ, മറ്റുവിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി മുവായിരത്തോളം ഡിഎൽപി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് വർക്കിംഗ് കലണ്ടറും ക്രമപ്പെടുത്തുന്നുണ്ട്. പരാതികൾ നേരിട്ട് മനസ്സിലാക്കാനുള്ള സംവിധാനവും ഉണ്ട്. റോഡുകൾ നശിക്കുന്നതിൽ കാലാവസ്ഥയ്ക്ക് മുഖ്യപങ്കുണ്ടെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.