തിരുവല്ല, അടൂർ താലൂക്കുകളിൽ ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കും

post

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ജില്ലയിൽ കനത്ത മഴ പെയ്യില്ലെങ്കിലും മഴ മാറി നിൽക്കുന്ന സാഹചര്യമില്ലാത്തതിനാൽ ആവശ്യമെങ്കിൽ തിരുവല്ല, അടൂർ താലൂക്കുകളിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ജില്ലാ ദുരിതാശ്വാസ അവലോകന യോ​ഗത്തിൽ അറിയിച്ചു. ജില്ലയിലെ 69 ക്യാമ്പുകളിലായി 572 കുടുംബങ്ങളിലെ 1926 പേരാണ് ഉള്ളത്.


ജില്ലയിൽ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും നദികളിലെ ജലനിരപ്പിന് മാറ്റമില്ല. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ ഉറപ്പാക്കണം. ക്യാമ്പുകളിൽ എത്താനാകാതെ ഒറ്റപ്പെട്ടയിടങ്ങളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും ഭക്ഷണപദാർത്ഥങ്ങളും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.