ആഫ്രിക്കൻ പന്നിപ്പനി: കണ്ണൂർ ജില്ലയിൽ രണ്ട് ഫാമുകളിലെ 273 പന്നികളെ ഉൻമൂലനം ചെയ്യും

post

കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം പ്രദേശത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ, പ്രഭവ കേന്ദ്രമായ ഒരു ഫാമിലെയും ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും ആകെ 273 പന്നികളെ ഉൻമൂലനം ചെയ്ത് മറവ് ചെയ്യാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു.

തലശ്ശേരി സബ് കലക്ടർ അനുകുമാരി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും. ഇതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ ചെയർപേഴ്‌സനായും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അജിത ഒഎം നോഡൽ ഓഫീസറായും റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണ വകുപ്പിലെ രണ്ട് സംഘങ്ങൾ ഇതിനായി പ്രവർത്തിക്കും. എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സഹായങ്ങൾ നൽകാൻ ജില്ലാ കലക്‌റുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി.

ആഗസ്റ്റ് ഒന്ന് മുതൽ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങൾ, പന്നി വളം എന്നിവ കേരളത്തിലേക്കോ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചും ഉത്തരവുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പോലീസും ആർടിഒയും നിരീക്ഷണം ഏർപ്പെടുത്തും.

രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോ മീറ്റർ ചുറ്റളവിലുള്ള പന്നി ഫാമുകളെ നിരീക്ഷണ വിധേയമാക്കും. ഈ പ്രദേശങ്ങളിൽനിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും പന്നികളെ ജില്ലകളിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് നിരീക്ഷണമേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവെക്കേണ്ടതാണെന്നും കലക്ടർ ഉത്തരവിൽ നിർദേശിച്ചു.