ഒരു ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാകും

post

'ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങളെന്ന' ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഈ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ പുതുതായി നിയമനം ലഭിച്ച എന്‍ജിനിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്കു തൊഴില്‍ നല്‍കാനുള്ള നടപടികളിലാണു സര്‍ക്കാര്‍. കുടുംബശ്രീ വഴി 18 മുതല്‍ 40 വയസുവരെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി 19,000ല്‍ അധികം ഓക്സിലിയറി ഗ്രൂപ്പുകള്‍ ഇതിനോടകം രൂപീകരിച്ച് സംരംഭ പ്രോത്സാഹന പദ്ധതികളും ഒരുക്കുന്നുണ്ട്. വിജ്ഞാന സമൂഹമായി മാറാനും അതിനൊപ്പം വിജ്ഞാന സമ്പത്തിന്റെ ആസ്ഥാനമായി മാറുകയുമാണു കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വകുപ്പില്‍ പുതുതായി എത്തിയ എന്‍ജീനിയര്‍മാര്‍ക്കായി കിലയുടേയും തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനിയറുടെ കാര്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂര്‍ കില ക്യാമ്പസില്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തെ ഫീല്‍ഡ് തല പ്രായോഗിക പരിശീലനവും നല്‍കി.

തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് ക്യാമ്പസിലെ മാര്‍ ഗ്രിഗോറിയസ് റിന്യുവല്‍ സെന്ററില്‍ വെച്ചു നടന്ന ചടങ്ങില്‍ പുതുതായി നിയമനം ലഭിച്ച 138 എന്‍ജിനിയര്‍മാര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കെ.എസ്.ആര്‍.ആര്‍.ഡി.എ ചീഫ് എന്‍ജിനിയര്‍ സന്ദീപ് കെ.ജി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.എന്‍. മിനി, റിട്ട.ചീഫ് എന്‍ജിനിയര്‍ കെ. സജീവന്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍. മുരളി, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ബീന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.