മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകള്‍ക്കായി 'പ്രിയ ഹോം' തുറന്നു കൊടുത്തു

post

 ചെറിയ കാല്‍വയ്പ്പ് മാത്രമെന്ന് മന്ത്രി.ആര്‍.ബിന്ദു

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയില്‍ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകള്‍ക്കായി, ആരംഭിച്ച 'പ്രിയ ഹോം' പുനരധിവാസകേന്ദ്രം നാടിന് സമര്‍പ്പിച്ചു. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വെളിയം കായിലയില്‍ നിര്‍മ്മിച്ച 'പ്രിയ ഹോം' ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു.

തങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള രക്ഷിതാക്കളുടെ ഏറ്റവും വലിയ ആശങ്കയ്ക്കുള്ള പരിഹാരമാണ് പ്രിയ ഹോം പോലുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ എന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.

മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഒരു ചെറിയ കാല്‍വയ്പ്പ് മാത്രമാണ് ഇത്. ഭിന്നശേഷിയുള്ള ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ബാധ്യതയാണെന്നും പലതരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ കേന്ദ്രം തയ്യാറാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

ബഹു.ധനകാര്യമന്ത്രി ശ്രീ. കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായ ചടങ്ങില്‍ എ ഡി എം ആര്‍.ബീനാകുമാരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ആര്‍ പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാരംഭഘട്ടത്തില്‍ 15 വനിതകളുടെ സംരക്ഷണവുമായാണ് പ്രിയ ഹോം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനന്‍ വകുപ്പിന് വിട്ടുനല്‍കിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണ് പ്രിയ ഹോം ഒരുക്കിയത്. കമലാസനന്‍ - സരോജിനി ദമ്പതിമാരുടെ മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ പ്രിയയുടെ സംരക്ഷണാര്‍ത്ഥം കൂടിയാണ് ഇവര്‍ സ്ഥലവും കെട്ടിടവും സര്‍ക്കാരിന് കൈമാറിയത്.