കേരള പുരസ്‌കാരങ്ങൾ: സെർച്ച് കമ്മിറ്റിയെ നിയോഗിച്ചു

post


പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ളവർക്കു കേരള പുരസ്‌കാരങ്ങൾ എന്ന പേരിൽ പരമോന്നത പുരസ്‌കാരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടു സെർച്ച് കമ്മിറ്റിയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരങ്ങൾക്ക് ഓൺലൈനായി ലഭിച്ച നാമനിർദേശങ്ങൾക്കൊപ്പം വിവിധ വിഭാഗങ്ങളിൽനിന്ന് അർഹരായവരെ കണ്ടെത്തി നാമനിർദേശം സമർപ്പിക്കുന്നതിനായി ഈ വർഷത്തേക്കു മാത്രമായാണ് പ്രാഥമിക പരിശോധന സമിതിയെ (സെക്രട്ടറിതല സമിതി) സെർച്ച് കമ്മിറ്റിയായിക്കൂടി ചുമതലപ്പെടുത്തിയത്.


പത്മശ്രീ പുരസ്‌കാരം നേടിയിട്ടുള്ളവരെ കേരളശ്രീ പുരസ്‌കാരത്തിനും പത്മഭൂഷൺ നേടിയിട്ടുള്ളവരെ കേരളശ്രീ, കേരളപ്രഭ പുരസ്‌കാരങ്ങൾക്കും പത്മവിഭൂഷൺ നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങൾക്കും പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. പുരസ്‌കാരങ്ങൾക്കു പരിഗണിക്കുന്ന മേഖലകളിൽ കൃഷി, മറ്റു മേഖലകൾ - മത്സ്യബന്ധനം തുടങ്ങിയ പ്രാഥമിക ഉത്പാദന മേഖലകൾ, സംസ്ഥാനത്തിന്റെ പുരോഗതിക്കു വഴിയൊരുക്കുന്നവരും സംസ്ഥാനത്തെ സാംസ്‌കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നവരും മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും സാമൂഹ്യ വനവത്കരണം, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ഉൾപ്പെടുന്നവർ മേൽപ്പറഞ്ഞ മേഖലകളിൽ ഉൾപ്പെടാത്ത വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മറ്റു വിഭാഗങ്ങൾ എന്നിവയും ഉൾപ്പെടുത്തി.