സങ്കടങ്ങള്‍ക്കു നടുവില്‍ സമാശ്വാസമായി ഒരു വീട്

post

കോട്ടയം : ''പേടിയായിരുന്നു, ഏതു സമയത്തും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലായിരുന്നു ഞങ്ങളുടെ വീട്.  ഇങ്ങനെ ഒരു വീടിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലായിരുന്നു. ഒത്തിരി സന്തോഷവും നന്ദിയുമുണ്ട്''.സങ്കടങ്ങള്‍ അവസാനിക്കുന്നില്ലെങ്കിലും നല്ലൊരു വീട് സ്വന്തമായതിന്റെ സന്തോഷം ശ്യാമള മറച്ചുവയ്ക്കുന്നില്ല.സെറിബ്രല്‍ പാര്‍സി രോഗം ബാധിച്ച രണ്ട് പെണ്‍മക്കളുമായി പൊളിഞ്ഞുവീഴാറായ കുടിലില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി കിഴക്കേടത്ത് കല്ലുറുമ്പില്‍ വിജയനും ശ്യാമളയും  ലൈഫ്മിഷന്റെ കരം പിടിച്ചാണ് വീടിന്റെ സുരക്ഷിതത്വത്തിലേക്ക് നടന്നുകയറിയത്. 22 വയസുള്ള വിദ്യയ്ക്കും പന്ത്രണ്ടുകാരി ആര്യയ്ക്കും വൃത്തിയുള്ള അന്തരീക്ഷമൊരുക്കാനായതും അവരെ വീല്‍ചെയറില്‍ കൊണ്ടു നടക്കാന്‍ കഴിയുന്നതുമാണ് മാതാപിതാക്കളുടെ വലിയ ആശ്വാസം.

പലപ്പോഴും ഇവരെ എടുത്തുകൊണ്ടു നടക്കണം. ആര്യയ്ക്ക് വൃക്കരോഗമുള്ളതിനാല്‍ ഇടയ്ക്കിടെ ആശുപത്രിയില്‍ പോകേണ്ടതുമുണ്ട്.ചെരുപ്പു കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയന് കിട്ടുന്ന തുച്ഛമായ ശമ്പളവും കുട്ടികള്‍ക്ക് പഞ്ചായത്തില്‍നിന്നു ലഭിക്കുന്ന 1200 രൂപ സഹായധനവുമാണ് ഇവരുടെ വരുമാനം.  മൂന്നര സെന്റ് സ്ഥലത്ത് ലൈഫ് മിഷന്‍ പദ്ധതി തുകയ്ക്കു പുറമേ ബന്ധുക്കള്‍ നല്‍കിയ സഹായവും വിനിയോഗിച്ചാണ് വീടൊരുക്കിയത്.