ഊരൂട്ടമ്പലം ഗവ.യുപി എസ് ഇനി മുതല്‍ മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയല്‍ യുപി സ്‌കൂള്‍

post

മഹാത്മാ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ.യുപി സ്‌കൂള്‍ ഇനി മുതല്‍ മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയല്‍ യുപി സ്‌കൂള്‍ എന്നറിയപ്പെടും. വിദ്യാഭ്യാസം അന്യമായിരുന്ന ദളിത് കുട്ടികള്‍ക്ക് അത് നേടി എടുക്കാനായി പഞ്ചമി എന്ന പെണ്‍കുട്ടിക്കൊപ്പം അയ്യങ്കാളി എത്തിയ സ്‌കൂള്‍ ആണ് ഊരൂട്ടമ്പലം സ്‌കൂള്‍. അനവധി പോരാട്ടങ്ങളിലൂടെ വിദ്യാഭ്യാസ അവകാശം നേടി എടുത്ത ഈ ചരിത്ര സംഭവത്തിന്റെ ഓര്‍മ്മയ്ക്കായാണ് സ്‌കൂള്‍ പുനര്‍ നാമകരണം ചെയ്യുന്നത്.

ദളിതന്‍ കയറിയ സ്‌കൂള്‍ ജന്മി മാടമ്പിമാര്‍ തീവെച്ചതിനെ തുടര്‍ന്ന് അയ്യങ്കാളി സ്വന്തമായി സ്‌കൂള്‍ സ്ഥാപിക്കുകയും ''ഞങ്ങളുടെ മക്കള്‍ക്ക് പഠിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് പണിയെടുക്കാന്‍ ഞങ്ങളില്ല'' എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ പണിമുടക്കു സമരവും നടത്തുകയുണ്ടായി.

ഐതിഹാസികമായ ഈ സമരങ്ങള്‍ക്കൊടുവിലാണ് ദളിത് ജനവിഭാഗങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനും വിദ്യാഭ്യാസം ലഭിക്കാനും പൊതുവിടങ്ങളില്‍ സ്വതന്ത്രമായി ഇടപെടാനുമുള്ള അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയത്.