കല്ലറയില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും എലി നശീകരണ ക്യാമ്പയിനും പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടപ്പാക്കുന്ന വിവിധ കാര്‍ഷിക വികസന പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളെകുറിച്ചും യോഗം ചര്‍ച്ച ചെയ്തു. സമഗ്ര എലി നശീകരണ പദ്ധതിയുടെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്തിലെ 67 പാടശേഖരങ്ങളില്‍ ഒരേസമയം എലി നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള രൂപരേഖ അവതരിപ്പിച്ചു. രണ്ടാംവര്‍ഷ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ തെങ്ങുകളിലും സംയോജിത കീടനിയന്ത്രണ നടപ്പാക്കും.
അത്യുല്പാദന ശേഷിയുള്ള തെങ്ങിന് തൈകളുടെ വിതരണം, തെങ്ങിന്റെ ഇടവിളകൃഷി, ജാതി തൈകളുടെ വിതരണം എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും. വീട്ടുവളപ്പിലെ ജൈവ കൃഷി വികസനത്തിന്റെ ഭാഗമായി വിവിധ വാര്‍ഡുകളിലെ 150 വീടുകളിലായി 3750 ഗ്രോബാഗുകളും വിതരണം ചെയ്യും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ വി.കെ. ശശികുമാര്‍, മിനി ജോസ്, കെ.പി. ജോയി, പഞ്ചായത്തംഗങ്ങളായ ലീല ബേബി, അരവിന്ദ് ശങ്കര്‍, രമേശന് കാവിമറ്റം, അമ്പിളി വിനീഷ്, ജോയി കല്പകശ്ശേരി, മിനി അഗസ്റ്റിന്, ഉഷാ റെജിമോന്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ റ്റി.ജി. പ്രകാശന്, രജി തടിപ്പുഴ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.കെ. ബൈജു എന്നിവര്‍ പങ്കെടുത്തു.