മാലിന്യങ്ങളോട് 'ബൈ' പറഞ്ഞ് കാസര്‍കോട് നഗരസഭ

post


മാലിന്യ വിമുക്ത നഗരസഭയായി മാറാനൊരുങ്ങുകയാണ് കാസര്‍കോട്. നഗരസഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം. നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യം തള്ളുന്നത് പതിവാണ്. സ്ഥല പരിമിതി കൊണ്ട് മാലിന്യ പ്രശ്‌നം ഏറ്റവും അധികം ബാധിക്കുന്നത് നഗരങ്ങളെയാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നഗരസഭകളുമായി ചേര്‍ന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്.


കാസര്‍കോട് നഗരസഭയുടെ ഖരമാലിന്യ പരിപാലന പദ്ധതിക്കായി 9 കോടി അനുവദിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അനുവദിച്ച 90 ലക്ഷം രൂപ നഗരസഭയുടെ എം. സി. എഫ് നവീകരണത്തിനായി ഉപയോഗിക്കും. അജൈവ മാലിന്യങ്ങള്‍ സംഭരിക്കുവാനും ശാസ്ത്രീയമായി തരം തിരിക്കുവാനും സംസ്‌കരിക്കുവാനും പ്രകൃതിക്കും മനുഷ്യനും ഹാനികരമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന എം. സി.എഫ് സംവിധാനം ആധുനിക രീതിയിലേക്ക് മാറ്റാന്‍ ഈ തുക വിനിയോഗിക്കും.

കാസര്‍കോട് നഗരസഭയിലെ മാലിന്യങ്ങള്‍ മധുര്‍ കേളുഗുഡെയിലെ നഗരസഭയുടെ സ്ഥലത്തായിരുന്നു സംസ്‌കരിച്ചിരുന്നത്. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. എന്നാല്‍ വര്‍ഷങ്ങളായി അവിടെ കിടക്കുന്ന 70000 തോളം ടണ്‍ മാലിന്യങ്ങള്‍ മാറ്റാനുള്ള സര്‍വ്വേ പൂര്‍ത്തീകരിച്ചു. ഡി.പി ആര്‍ അംഗീകരിക്കുന്നതോട് കൂടി മാലിന്യങ്ങള്‍ നീക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങള്‍ നഗരസഭാതലത്തിലും മേഖലാതലത്തിലും ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ മാലിന്യങ്ങളുടെ 100 ശതമാനം ശേഖരണവും, കൈമാറ്റവും, സംസ്‌കരണവും നിര്‍മ്മാര്‍ജ്ജനവും ഉറപ്പാക്കും.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നിര്‍വ്വഹണം, ഏകോപനം, മേല്‍നോട്ടം എന്നിവയ്ക്കായി സംസ്ഥാന, ജില്ലാ, നഗരസഭാ തലങ്ങളില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.