ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം : ജില്ലയില്‍ നടപ്പിലാക്കുന്നത് സമഗ്ര കാന്‍സര്‍ നിയന്ത്രണ പരിപാടി

post


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൈറ്റോളജി ലാബ് ഒരുക്കും


നവകേരളം കര്‍മപദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്നത് സമഗ്ര കാന്‍സര്‍ നിയന്ത്രണ പരിപാടി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൈറ്റോളജി ലാബ് ഒരുക്കും. 10 ലക്ഷം ചെലവിട്ട് ജില്ലാ പഞ്ചായത്താണ് ജില്ലാ ആശുപത്രിയില്‍ സൈറ്റോളജി ലാബ് ഒരുക്കുന്നത്. ഇതോടെ ശരീരത്തിലെ മുഴകള്‍ കുത്തിയെടുത്തുള്ള (എസ്എന്‍എസി) കാന്‍സര്‍ പരിശോധന ജില്ലാ ആശുപത്രിയില്‍ തന്നെ ചെയ്യാന്‍ കഴിയും. ഇപ്പോള്‍ ഇതിനായി സ്വകാര്യ സ്ഥാപനങ്ങളെയും മലബാര്‍ കാന്‍സര്‍ സെന്ററിനെയുമാണ് ആശ്രയിക്കുന്നത്. ഇതു കൂടാതെ ഗര്‍ഭാശയ കാന്‍സര്‍, രക്താര്‍ബുദ കാന്‍സര്‍ പരിശോധനകളും സൈറ്റോളജി ലാബ് വഴി ജില്ലയില്‍ നടത്താന്‍ കഴിയും. ഒരു മാസം കൊണ്ടു ലാബിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി.രാംദാസ് പറഞ്ഞു.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി ചെയ്ത പാത്തോളജിസ്റ്റ് ഡോ. നിമ്മി പ്രസാദിന്റെ സേവനം ഇതിനായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കാന്‍സര്‍ രോഗ നിര്‍ണയ ക്യാംപ് ആശ വര്‍ക്കര്‍മാരെ ഉപയോഗപ്പെടുത്തി നടത്തും. മുന്‍കൂട്ടി തീയതി നല്‍കിയ ശേഷമാകും ക്യാംപുകള്‍ നടത്തുക. ഇതിന് പുറമേ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പരിശോധനകള്‍ നടത്താനായി പ്രത്യേക പരിശീലനം നല്‍കും.

ക്യാംപ് നടത്താനും പരിശീലനത്തിനുമായി ജില്ലാ പഞ്ചായത്ത് 2 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. ഗര്‍ഭാശയം, വായ, സ്തനാര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ ഫലപ്രദവും അസുഖം ഭേദമാക്കാന്‍ കഴിയുന്നതുമാണ്. വ്യാപകമായി പരിശോധന നടത്തി സമൂഹത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണം കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ക്യാന്‍സര്‍ രോഗം ഇപ്പോള്‍ വ്യാപകമായി മാറുകയാണ്. ഇത്തരം സാഹചര്യത്തില്‍ ചികിത്സയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെയും മലബാര്‍ കാന്‍സര്‍ സെന്ററിനെയുമാണ് ജില്ല ആശ്രയിക്കുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൈറ്റോളജി ലാബ് വരുന്നതോടെ കാന്‍സര്‍ പരിശോധനകള്‍ ജില്ലയില്‍ തന്നെ നടത്താന്‍ കഴിയും ഇത് ഒരുപാട് പേര്‍ക്ക് പ്രയോജനമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.