ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; അകലക്കുന്നത്ത് പച്ചക്കറി വിളവെടുപ്പ് നടത്തി

post

കോട്ടയം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു നിര്‍വഹിച്ചു. അകലക്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കാഞ്ഞിരമറ്റത്ത് സൗഹൃദ കര്‍ഷക ദളം ഗ്രൂപ്പും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലെ വാര്‍ഡ്തല കര്‍ഷക ഗ്രൂപ്പും ചേര്‍ന്ന് കൃഷി ചെയ്ത പച്ചക്കറികളാണ് വിളവെടുത്തത്. 25 സെന്റ് സ്ഥലത്ത് 16 പേര്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്. വെണ്ട, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തത്. കൃഷി ഭവനില്‍ നിന്നും തൈകളും വളവും സൗജന്യമായി നല്‍കിയിരുന്നു. പഞ്ചായത്തംഗമായ മാത്തുക്കുട്ടി ഞായര്‍കുളത്തിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ആദ്യ ദിവസം 15 കിലോ വെണ്ടയ്ക്കയും ആറു കിലോ പച്ചമുളകും ലഭിച്ചു. ഇതു കൂടാതെ ഒന്നര ഏക്കറോളം സ്ഥലത്ത് വാഴ, ചേന എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വിളവെടുത്ത പച്ചക്കറികള്‍ കാഞ്ഞിരമറ്റത്തുള്ള ഇക്കോ ഷോപ്പ് വഴി വിറ്റഴിക്കും.


കൃഷി ഓഫീസര്‍ സ്‌നേഹലത മാത്യൂസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സരോജ മേബല്‍, കര്‍ഷകദളം ഗ്രൂപ്പ് പ്രസിഡന്റ് ജോയ് ജേക്കബ്ബ്, അംഗങ്ങളായ ടോം ജോര്‍ജ്ജ്, ജോര്‍ജ്ജുകുട്ടി ജോര്‍ജ്ജ്, ജോസഫ് പയസ്, ടോമിച്ചന്‍ കെ. ജോസഫ്, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മാസ്റ്റര്‍ കര്‍ഷകനായ ജയിംസ് ആന്റണി എന്നിവര്‍ വിളവെടുപ്പില്‍ പങ്കെടുത്തു.