മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക ഗ്രാമസഭ ചേര്‍ന്ന് പാഞ്ഞാള്‍ പഞ്ചായത്ത്

കൃഷി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക ഗ്രാമസഭ മുഴുവന്‍ വാര്‍ഡുകളിലും നടത്തി പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത്. 16 വാര്‍ഡുകളിലായി നടന്ന ഗ്രാമസഭയില്‍ 535 കര്‍ഷകര്‍ പങ്കെടുത്തു. കാര്‍ഷിക മേഖല പ്രാദേശികമായി നേരിടുന്ന പ്രശ്നങ്ങള്‍, ഇവയ്ക്കുള്ള പരിഹാരങ്ങള്‍, ത്രിതല പഞ്ചായത്തും കൃഷി വകുപ്പും നടപ്പിലാക്കുന്ന പദ്ധതികള്‍, കര്‍ഷക രജിസ്ട്രേഷന് തുടങ്ങിയ വിഷയങ്ങള്‍ ഗ്രാമസഭയില്‍ ചര്‍ച്ചയായി.
വിള ഇന്‍ഷുറന്‍സ്, വന്യജീവി ആക്രമണം തുടങ്ങിയ പ്രശ്നങ്ങളില്‍ പരിഹാരം വേണമെന്ന ആവശ്യമാണ് കര്‍ഷകരില്‍ ഏറെയും ഉന്നയിച്ചത്. സോളാര്‍ വേലി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിട്ടുണ്ട്. ജല സേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും സംശയ നിവാരണം നടത്താനും കര്‍ഷകര്‍ക്ക് ഗ്രാമസഭ വഴി സാധിച്ചു. നെല്‍ കര്‍ഷകരാണ് ഗ്രാമസഭയില്‍ കൂടുതല്‍ പങ്കെടുത്തത്. ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ഗ്രാമസഭകള്‍ ചേരുന്നത്. വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍, വിവിധ കര്‍ഷക ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും.
എല്ലാവരും കൃഷിയിലേയ്ക്ക് എന്ന സന്ദേശം ഗ്രാമത്തിന്റെ അടിത്തട്ടിലേയ്ക്ക് എത്തിക്കാനും കൃഷി വകുപ്പിനെ കൂടുതല്‍ ജനകീയമാക്കി മാറ്റാനും കര്‍ഷക ഗ്രാമസഭ വഴി കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി പറഞ്ഞു.