ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന: ആറ് ബസുകള്‍ കസ്റ്റഡിയിലെടുത്തു

കാലവര്‍ഷത്തില്‍ അപകടങ്ങള്‍ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് ബസുകളില്‍ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് വ്യാപക പരിശോധന നടത്തി. നികുതി അടക്കാതെ സര്‍വ്വീസ് നടത്തിയ നാല് ബസുകളും ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത ഓരോ ബസുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. നിയമ വിരുദ്ധമായി എയര്‍ഹോണ്‍ ഘടിപ്പിച്ച ഇരുപതോളം ബസുകളും സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച രീതിയിലുള്ള പതിനഞ്ചോളം ബസുകളും കണ്ടെത്തി കേസെടുത്തു. കൂടാതെ ഡ്രൈവറുടെ കാഴ്ച മറക്കുന്ന രീതിയിലുള്ള തോരണങ്ങളും അലങ്കാര വസ്തുക്കളും സ്റ്റിക്കറും ഘടിപ്പിച്ച ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. ടയറുകളുടെ തേയ്മാനം, അമിത വേഗത, ബസ്സുകളുടെ കാര്യക്ഷമത, നിയമ ലംഘനം എന്നിവയടക്കമാണ് മഴക്കാല സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന വിഷയമായത്. കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി, കണ്ണൂര്‍, ചാലോട്, അഞ്ചരക്കണ്ടി, മട്ടന്നൂര്‍, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍, ആലക്കോട്, മയ്യില്‍, ശ്രീകണ്ഠപുരം, പഴയങ്ങാടി എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനക്ക് എന്‍ഫോഴ്‌സ്മന്റെ് ആര്‍ ടി ഒ എ സി ഷീബയും കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ റോണി വര്‍ഗീസും നേതൃത്വം നല്‍കി. പരിശോധന ഭയന്ന് ബസ് സ്റ്റാന്റില്‍ കയറാതെ കടന്നുപോയ ബസുകള്‍ക്കെതിരെ തുടര്‍ ദിവസങ്ങളിലും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.