ആര്‍ദ്ര കേരളം പുരസ്‌കാരങ്ങള്‍ വ്യാഴാഴ്ച (ജൂലൈ 14) മുഖ്യമന്ത്രി വിതരണം ചെയ്യും

post

ആരോഗ്യമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം 2020 - 21 മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വ്യാഴാഴ്ച (14 ജൂലൈ) വൈകിട്ട് 5.30നു നടക്കുന്ന പരിപാടിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവര്‍ പങ്കെടുക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ നടത്തുന്ന രോഗീസൗഹൃദ പദ്ധതികള്‍, ചെലവഴിച്ച തുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മലിനീകരണ നിയന്ത്രണം, ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണു പുരസ്‌കാരത്തിന് അര്‍ഹരായവരെ കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനതല, ജില്ലാതല അവാര്‍ഡുകളാണു നല്‍കുന്നത്. സംസ്ഥാനതല അവാര്‍ഡ് ഒന്നാം സ്ഥാനം നേടിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണു ലഭിക്കുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ പിറവം, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ വയനാട് ജില്ലയിലെ നൂല്‍പ്പുഴ എന്നിവയും ഒന്നാം സ്ഥാനം നേടി.

സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതമാണു ലഭിക്കുക. ഗ്രാമപഞ്ചായത്തിന് ഏഴു ലക്ഷമാണ് പുരസ്‌കാര തുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ തൃശൂര്‍, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ നീലേശ്വരം, ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ നൂല്‍പ്പുഴ എന്നിവയും രണ്ടാം സ്ഥാനം നേടി.

സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്കു മൂന്നു ലക്ഷം രൂപ വീതമാണു ലഭിക്കുക. ഗ്രാമപഞ്ചായത്തിന് ആറു ലക്ഷമാണു പുരസ്‌കാര തുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി. മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കരുനാഗപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ആലപ്പുഴ ജില്ലയിലെ ആര്യനാട്, ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ നൊച്ചാട് എന്നിവയും മൂന്നാം സ്ഥാനം നേടി.

കൂടാതെ ഓരോ ജില്ലയിലും ജില്ലാതലത്തില്‍ മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ ഗ്രാമ പഞ്ചായത്തുകള്‍ക്ക് യഥാക്രമം അഞ്ചു ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണ് പുരസ്‌കാരത്തുക ലഭിക്കുക