തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തില്‍ പകല്‍വീട് പ്രവര്‍ത്തനം ആരംഭിച്ചു

post


കോട്ടയം : തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തില്‍ നാല്‍ക്കവലയിലെ ചക്രാത്തികുന്നില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പകല്‍വീട് വയോജനങ്ങള്‍ക്കായി തുറന്നു നല്‍കി. പ്രവര്‍ത്തനോദ്ഘാടനം തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എന്‍. സുവര്‍ണ്ണകുമാരി നിര്‍വഹിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പകല്‍ സമയം ചെലവഴിക്കാനായി നിര്‍മിച്ച പകല്‍ വീട്ടില്‍ ആദ്യദിനം 10 പേര്‍ രജിസ്റ്റര്‍ ചെയ്തു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനം.


വിനോദത്തിനായി പത്രങ്ങള്‍, ടെലിവിഷന്‍, ക്യാരംസ്, ചെസ് എന്നിവ പകല്‍ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്ന നിത്യ സന്ദര്‍ശകര്‍ക്ക് ഉച്ചഭക്ഷണവും രാവിലെയും വൈകിട്ടും ലഘുഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണം ഒരുക്കും. ഉച്ചഭക്ഷണം കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ജനകീയ ഹോട്ടലില്‍ നിന്നും എത്തിച്ചു നല്‍കും. വയോജനങ്ങള്‍ക്കായി ഒരു ജീവനക്കാരിയുടെ സഹായവും ലഭ്യമാക്കും. ആവശ്യക്കാര്‍ക്ക് തൊഴില്‍- കലാ പരിശീലനവും സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്. പകല്‍വീടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചര ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് മാറ്റി വച്ചിട്ടുണ്ട്.


ഹാളും വിശ്രമമുറികളും അടക്കമുള്ള സൗകര്യങ്ങളോടെ കെട്ടിടം 2020 ല്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. 22 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്.