ലിറ്റിൽ കൈറ്റ്‌സ് - ഫലം കൈറ്റ് പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 61275 കുട്ടികൾ

post


സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ പരീക്ഷയെഴുതിയ 1,03,556 വിദ്യാർഥികളിൽ 1,908 വിദ്യാലയങ്ങളിൽ നിന്നുള്ള 61,275 വിദ്യാർഥികളാണ് 2022-25 വർഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അഭിരുചി പരീക്ഷയിൽ 25 ശതമാനത്തിലധികം മാർക്ക് നേടിയ നിശ്ചിത എണ്ണം വിദ്യാർഥികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.


പരീക്ഷാഫലം അതത് വിദ്യാലയങ്ങളുടെ ലിറ്റിൽ കൈറ്റ്‌സ് ഓൺലൈൻ മാനേജ്‌മെന്റ് സിസ്റ്റം ലോഗിനിൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. പരീക്ഷാഫലം സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. പതിനഞ്ച് സ്‌കൂളുകളുടെ ഫലം സാങ്കേതിക കാരണങ്ങളാൽ പിന്നീട് പ്രസിദ്ധപ്പെടുത്തും. ഇതോടെ നിലവിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലായി 1.84 ലക്ഷം കുട്ടികൾ ലിറ്റിൽ കൈറ്റ്‌സിൽ അംഗങ്ങളാണ്.