ഹരിയാലി മഹോത്സവം; നഗര വനം പദ്ധതിയുടെ ഭാഗമായി കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചു

post


കാസര്‍കോട്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കേരള വനം വന്യജീവി വകുപ്പും സംയുക്തമായി കാസര്‍കോട് പള്ളം കണ്ടല്‍ വനപ്രദേശത്ത് നഗര വനം പദ്ധതിയുടെ ഭാഗമായി കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് ഹരിയാലി മഹോത്സവം ആഘോഷിച്ചു. ഹരിത മേലാപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ഓര്‍മ്മപ്പെടുത്തുന്നതിനുമായി എഴുപത്തിയഞ്ച് കണ്ടല്‍ തൈകള്‍ വെച്ചു പിടിപ്പിച്ചാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്. രാജ്യത്തെ 200 ഇടങ്ങള്‍ ഹരിയാലി മഹോത്സവത്തിന് തെരഞ്ഞെടുത്തപ്പോള്‍ കാസര്‍കോട് പള്ളം പ്രദേശവും ഉള്‍പ്പെടുത്തുകയായിരുന്നു.

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്തര്‍ യാദവ് ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു അധ്യക്ഷനായി. പള്ളം പുഴയോരത്ത് എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, കാസര്‍കോട് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലിസ് സേനാംഗങ്ങള്‍, നാട്ടുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കണ്ടല്‍ തൈകള്‍ വെച്ചു പിടിപ്പിച്ചു.