കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുന്‍നിര്‍ത്തിയുള്ള ബഫര്‍സോണ്‍ നിര്‍ണയം വേണം: മുഖ്യമന്ത്രി

post

കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതയും ഉപജീവന സംബന്ധിയായ പ്രത്യേകതയും മുന്‍നിര്‍ത്തയുള്ള ബഫര്‍ സോണ്‍ നിര്‍ണയമാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപക്ഷത്തുനിന്നു ശരിയായ രീതിയില്‍ ബഫര്‍ സോണ്‍ വിഷയം പരിഹരിക്കാനുള്ള സമ്മര്‍ദമാണു കേന്ദ്രത്തില്‍ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വനമഹോത്സവം 2022ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പരിസ്ഥിതി സംരക്ഷണവും മനുഷ്യ സംരക്ഷണവും സമതുലിതമായി മുന്നോട്ടുകൊണ്ടുപോകുന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനുവേണ്ടി മറ്റൊന്നിനെ ബലികൊടുക്കുന്ന നിലപാട് സ്വീകരിക്കില്ല. കേരളത്തിന്റെ ഒരു വശത്തു കടലും മറുവശത്തു മലകളുമാണ്. ഇതിനിടയില്‍ ഇടയില്‍ 44 നദികളും ഒട്ടേറെ നീര്‍ത്തടങ്ങളും ചേര്‍ന്ന് അതീവ പ്രത്യേകതയാര്‍ന്ന ഭൂപ്രകൃതിയുള്ള സംസ്ഥാനമാണു കേരളം. ബഫര്‍ സോണ്‍ നിര്‍ണയത്തില്‍ ജനവാസ മേഖലകളെ ഒഴിവാക്കുക, വിവിധ എക്‌സ്‌പേര്‍ട്ട് കമ്മിറ്റികളുടെ നിര്‍ദേശപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണു കേരളം കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിയും വികസനവും പരസ്പര വിരുദ്ധമാണെന്ന രീതിയില്‍ വിഷയങ്ങളെ സമീപിക്കുന്ന രീതിയുണ്ട്. ഇതു രണ്ടും മനുഷ്യന്റെ നിലനില്‍പ്പിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. മാനവരാശിയുടെ ചരിത്രം അതാണു വ്യക്തമാക്കുന്നത്. സുസ്ഥിര വികസന കാഴ്ചപ്പാടില്‍ ഇവ രണ്ടിനേയും ഗൗരവമായി സമീപിക്കുന്ന നിലപാടാണു സര്‍ക്കാരിനുള്ളത്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഈ സമീപനമാകും പ്രതിഫലിക്കുന്നത്. വിവേചനരഹിതമായി പ്രകൃതിക്കുമേല്‍ ചെലുത്തുന്ന സമ്മര്‍ദം ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണു കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നത്. കാലംതെറ്റിയ മഴ, പ്രളയം, കെടുതികള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദൂഷ്യഫലങ്ങള്‍ ഇതുമൂലം അനുഭവിക്കുകയാണ്. പാരിസ്ഥിതിക പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ വലിയ തോതില്‍ മുന്നോട്ടുപോകാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. 2019ലെ ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ 823 ചതുരശ്ര കിലോമീറ്റര്‍ വനമേലാപ്പ് കേരളത്തില്‍ വര്‍ധിച്ചതായാണു കാണിക്കുന്നത്. 2021ലെ റിപ്പോര്‍ട്ടില്‍ ഇതില്‍ 109 ചതുരശ്ര കിലോമീറ്റര്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ലോകത്തെ പൊതുവായ സ്ഥിതിയില്‍നിന്നു ഗുണപരമായ വലിയ വ്യത്യാസം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്.

സംസ്ഥാനത്ത് വന മേലാപ്പിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തോട്ടങ്ങളുടെ വളര്‍ച്ച, വൃക്ഷമേലാപ്പിന്റെ സാന്ദ്രതയിലുള്ള വര്‍ധന തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതു തയാറാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ വൃക്ഷത്തൈ വച്ചുപിടിപ്പിക്കലും പരിപാലിക്കലും പദ്ധതി വലിയ ഗുണം ചെയ്തിട്ടുണ്ട്. വച്ചുപിടിപ്പിക്കുന്ന വൃക്ഷത്തൈകളില്‍ ഭൂരിഭാഗവും പരിപാലിക്കുന്നുവെന്നതും തെളിവാണ്. വിദേശ ഏകവിളത്തോട്ടങ്ങളെ വനമേഖലയില്‍നിന്ന് ഒഴിവാക്കുന്ന കാര്യത്തില്‍ നേരത്തേ തിരുമാനമെടുത്തിട്ടുണ്ട്. ഘട്ടംഘട്ടമായി ഇവ ഒഴിവാക്കി സ്വാഭാവിക വനം പുനഃസ്ഥാപനത്തിനുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്നും വനമേഖലയാണെന്നും ഇത് നിലനിര്‍ത്താന്‍ സാധിക്കുന്നതു വനസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ കേരളത്തിന്റെ ജാഗ്രതയാണു കാണിക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. വന്യജീവി സംരക്ഷണത്തോടൊപ്പം വനമേഖലയില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം നല്‍കുന്നതിനുള്ള സജീവ ഇടപെടല്‍ വനം വകുപ്പ് നടത്തുന്നുണ്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനരേഖ വിവരിക്കുന്ന 'കൈകോര്‍ത്ത് മുന്നോട്ട്' എന്ന പുസ്തകം മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും ചേര്‍ന്നു പ്രകാശനം ചെയ്തു. നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ നമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്‍, അഹമ്മദ് ദേവര്‍കോവില്‍, വി. അബ്ദുറഹിമാന്‍, പി. പ്രസാദ്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാന്‍ സിന്‍ഹ, മുഖ്യ വനംമേധാവി ബെന്നിച്ചന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.        

cm