മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ സീഫുഡ് റസ്റ്റോറന്റുകള്‍

post

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണിന്റെ (സാഫ്) നേതൃത്വത്തില്‍ ആരംഭിച്ചതാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനും സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ മികച്ച കടല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുമാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരള ബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തെ ഹാര്‍ബറുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം.

പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ പരിശീലനവും സാഫ് നല്‍കും. അഞ്ച് ലക്ഷം രൂപ വരെ അഞ്ച് പേരടങ്ങുന്ന ഒരു സീഫുഡ് റസ്റ്റോറന്റ് രൂപീകരിക്കാന്‍ ഗ്രാന്റ് നല്‍കും. പദ്ധതി തുകയുടെ 75 ശതമാനമാണ് ഗ്രാന്റ്. ബാക്കി തുക ബാങ്ക് ലോണ്‍ (20 ശതമാനം) ആയും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവുമാണ്. 2020-2021 കാലത്ത് 230 മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന 46 സീഫുഡ് റസ്റ്റോറന്റുകള്‍ രൂപീകരിക്കുകയും 230 ലക്ഷം രൂപ ഗ്രാന്റായി അനുവദിക്കുകയും ചെയ്തു.