കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

മണ്‍സൂണ്‍ പാത്തി സജീവമായതും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതും ഒഡിഷക്കും ഛത്തീസ്ഖറിനും മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെയും ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍-തെക്ക് പടിഞ്ഞാറന്‍ കാറ്റ്ശക്തമാകുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ (ജൂലൈ 08) രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.