അഴീക്കോടിനെ അടുത്തറിയാം, 'വിദ്യാലയ ചരിത്രസ്മൃതി'യിലൂടെ

post

കടല്‍ക്കരയിലെ പാണ്ടികശാല, കുടിപ്പള്ളിക്കൂടം, എഴുത്തുപള്ളിക്കൂടം... എന്നിങ്ങനെ എളിയതായിരുന്നു പല തുടക്കങ്ങളും. പിന്നീട് വളര്‍ന്നും തളര്‍ന്നും ഒടുവില്‍ കുതിപ്പിലൂടെ മികവിന്റെ കേന്ദ്രങ്ങളായി. ഇതാണ് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയുടെ രത്നചുരുക്കം. തലമുറകള്‍ പറഞ്ഞുകേട്ട കാര്യങ്ങള്‍ ഇനി പുതുതലമുറ വായിച്ചറിയും. പഞ്ചായത്തിലെ 16 പൊതുവിദ്യാലയങ്ങളുടെ ചരിത്രം 'വിദ്യാലയ ചരിത്ര സ്മൃതി' എന്ന പേരില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പുസ്തക രൂപത്തില്‍ പുറത്തിറക്കി. ഓരോ സ്‌കൂളിന്റെയും ചരിത്രം നാടിന്റെ ചരിത്രം കൂടിയാവുകയാണ് ഈ വിദ്യാലയ ചരിത്രരചനയിലൂടെ.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് സ്‌കൂളുകളുടെ ചരിത്രം ചേര്‍ത്തുവെച്ച് പുസ്തകം തയ്യാറാക്കുന്നത്. സ്‌കൂളുകളുടെ ചരിത്രം മാത്രമല്ല, അഴീക്കോടിന്റെ സാമൂഹിക സാംസ്‌കാരിക വികാസവും ഇതിലൂടെ വായിച്ചറിയാം. ഓലപ്പുരയില്‍ തുടങ്ങി ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളായി വളര്‍ന്ന വിദ്യാലയങ്ങള്‍ ഇവിടെയുണ്ട്. അഴീക്കോട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രം സമഗ്രമായി പഠിക്കുന്നതിന്റെ തുടക്കമാണ് ഈ പുസ്തകം. ഓരോ സ്‌കൂളിനെ കുറിച്ചും അധ്യാപകര്‍ തയ്യാറാക്കിയ ലഘു വിവരണവും ഇതിലുണ്ട്.

മൂന്ന് ഹയര്‍ സെക്കണ്ടറി, നാല് യുപി, ഒമ്പത് എല്‍പി എന്നിവ അടങ്ങുന്നതാണ് പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ ശൃംഖല. 1850ല്‍ മുണ്ടച്ചാലി കേളന്‍ ഗുരുക്കള്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മീന്‍കുന്ന് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയവും ഇതാണ്. വിവിധ മേഖലകളില്‍ പ്രമുഖരായ ഡോ. സുകുമാര്‍ അഴീക്കോട്, ടി വി അനന്തന്‍, എം ടി കുമാരന്‍, എ കെ നായര്‍, പി ഗോപാലന്‍, ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ തുടങ്ങി നിരവധിപേര്‍ അഴീക്കോട് ഗ്രാമത്തില്‍ നിന്നും വിദ്യാഭ്യാസം നേടിയവരാണ്. ഇവിടുത്തെ നാല് വിദ്യാലയങ്ങള്‍ 19-ാം നൂറ്റാണ്ടിലും 12 എണ്ണം 20-ാം നൂറ്റാണ്ടിലുമാണ് തുടങ്ങിയത്.

അഴീക്കോട് ഗവ. ഹയര്‍സെക്കണ്ടറി, അക്ലിയത്ത് എല്‍ പി, അഴീക്കോട് നോര്‍ത്ത് യുപി, അഴീക്കോട് സെന്‍ട്രല്‍ എല്‍പി, മൂന്നുനിരത്ത് രാമജയം യുപി, അഴീക്കോട് ഗവ. മാപ്പിള എല്‍പി, അഴീക്കോട് ഗവ. ഫിഷറീസ് എല്‍പി, അഴീക്കോട് കിഫായത്തുല്‍ ഇസ്ലാം മദ്രസ, അഴീക്കോട് പൂതപ്പാറ സൗത്ത് യുപി, അഴീക്കോട് വെസ്റ്റ് എല്‍പി, ഗവ. മാപ്പിള എല്‍ പി, ഹിദായത്തുല്‍ ഇസ്ലാം മദ്രസ എല്‍പി, അഴീക്കോട് വന്‍കുളത്ത്വയല്‍ ഹയര്‍ സെക്കണ്ടറി, അഴീക്കോട് ഈസ്റ്റ് എല്‍പി, അഴീക്കല്‍ ജി ആര്‍ എഫ് ടി വി എച്ച്, കപ്പക്കടവ് ജമാഅത്ത് എല്‍പി എന്നിവയുടെ ചരിത്രമാണ് പുസ്തകത്തില്‍ ഉള്ളത്.

അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, സെക്രട്ടറി കെ കെ രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ പി കെ സുധാകരന്‍ ചീഫ് എഡിറ്ററായാണ് പുസ്തകം തയ്യാറാക്കിയത്. കെ പി ഷഫീന, രാജീവന്‍ പാറയില്‍, വര്‍ഗീസ് കളത്തില്‍, പി ധര്‍മ്മന്‍, പി എ കുഞ്ഞംസു, എ അബ്ദുശുക്കൂര്‍, എം എം ഷംല, ടി മുഹമ്മദ് അഷറഫ്, സി അനീഷ് ബാബു എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍.