അതിക്രമങ്ങള്‍ക്കിരയായവര്‍ക്ക് 'ആശ്വാസനിധി'

post

ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, ഗാര്‍ഹികപീഡനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന പദ്ധതിയാണ് ആശ്വാസനിധി. ഇത്തരം അതിക്രമങ്ങള്‍ക്കിരയായവര്‍ക്ക് ഗുരുതരക്ഷതങ്ങളോ അനുബന്ധ അസുഖങ്ങളോ ഉണ്ടാകാറുണ്ട്. ഇവ കൃത്യസമയത്ത് ചികിത്സിക്കാനാണ് ധനസഹായം. പലര്‍ക്കും ജീവിതകാലം മുഴുവന്‍ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന് തുടര്‍ചികിത്സ ആവശ്യമായി വരാറുണ്ട്.

വനിതാ സംരക്ഷണ ഓഫിസര്‍, ശിശു സംരക്ഷണ ഓഫിസര്‍ തുടങ്ങിയവര്‍ നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വനിതാ ശിശുവികസന വകുപ്പാണ് ധനസഹായം അനുവദിക്കുന്നത്.

25,000 രൂപ മുതല്‍ രണ്ടു ലക്ഷം വരെയാണ് അടിയന്തിര ധനസഹായമായി നല്‍കുന്നത്. അതിക്രമത്തിന്റെ സ്വഭാവം പരിഗണിച്ചാണ് ഓരോ അപേക്ഷയിലും തുക നിശ്ചയിക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട്, ലീഗല്‍ റിപ്പോര്‍ട്ട്, പോലീസ് റിപ്പോര്‍ട്ട് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.

സ്ത്രീകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അനുവദിക്കുന്ന തുക കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കുമാണ് നല്‍കുക. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 466 പേര്‍ക്ക് ആശ്വാസനിധി പ്രകാരം ധനസഹായം നല്‍കിയിട്ടുണ്ട്. ആകെ 3,78,55,000 രൂപയാണ് വിതരണം ചെയ്തത്.